ബാലുശ്ശേരി: കോഴിക്കോട് റവന്യൂജില്ല ശാസ്‌ത്രോത്സവത്തോടനുബന്ധിച്ച് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ കോഴിക്കോട്, വയനാട് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന വടകര മേഖലയിലെ 38 സ്‌കൂളുകളില്‍ പഠിക്കുന്നവര്‍ അവരുടെ പഠനഭാഗമായി നിര്‍മ്മിച്ച ഉത്പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും തുടങ്ങി. ബാലുശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് പ്രദര്‍ശനവും വില്‍പ്പനയും നടക്കുന്നത്. ഇലക്‌ട്രോണിക് ഉത്പ്പന്നങ്ങള്‍, കരകൗശലവസ്തുക്കള്‍, അച്ചാറുകള്‍, പാല്‍ ഉത്പ്പന്നങ്ങള്‍, ഓഫീസ് സ്റ്റേഷനറി, തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉത്പ്പനങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ പ്രമേഹ രോഗ നിര്‍ണ്ണയം, രക്തഗ്രൂപ്പ് നിര്‍ണ്ണയം, കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍, വ്യായാമ തെറാപ്പി കിറ്റ് എന്നിവയും പൊതുജനങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശന ഉദ്ഘാടനം കോഴിക്കോട് ജില്ല ഉപ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍ നിര്‍വ്വഹിച്ചു.
വിഎച്ച്എസ്ഇ വടകര മേഖല അസി. ഡയറക്ടര്‍ പി കുഞ്ഞമ്മദ് അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വി.കെ റീജ, ചന്തപ്പന്‍ മൈക്കാട്ടേരി, പി.കെ സുനീര്‍, എന്നിവര്‍ സംസാരിച്ചു. കെ.കെ ശശി സ്വാഗതവും പി.സി മാത്യു നന്ദിയും പറഞ്ഞു.
















