കോഴിക്കോട്: കോര്‍പ്പറേഷന്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 11ന് കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളിലാണ് മേയര്‍ തെരഞ്ഞെടുപ്പ് നടക്കുക. ഉച്ചയ്‌ക്കുശേഷം രണ്ടിന് ഡെപ്യൂട്ടിമേയര്‍ തെരഞ്ഞെടുപ്പും നടക്കും. രാമനാട്ടുകര, ഫറോക്ക്, കൊയിലാണ്ടി, വടകര, പയ്യോളി, മുക്കം, കൊടുവള്ളി എന്നീ മുനിസി പ്പാലിറ്റികളിലെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് രാവിലെയും വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഉച്ചയ്‌ക്ക് ശേഷവും നടക്കും.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ രാവിലെ 11 മണിക്കും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചയ്‌ക്ക് രണ്ടിനുമാണ് നടക്കുക.
തെരഞ്ഞെടുപ്പ് ഓപ്പണ്‍ ബാലറ്റ് മുഖേനയായിരക്കും. വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് പേരും ഒപ്പും രേഖപ്പെടുത്തണം. ഏതെങ്കിലും സ്ഥാനത്തേക്ക് ഒരാള്‍ മാത്രമേ മത്സരിക്കുന്നുള്ളുവെങ്കില്‍ വോട്ടെടുപ്പ് നടത്താതെ അയാള്‍ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിനായുളള യോഗത്തിന്റെ ക്വാറം ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിലെ അംഗങ്ങളുടെയോ പകുതിയെങ്കിലും എണ്ണം ആയിരിക്കും. ക്വാറം തികയാത്തപക്ഷം യോഗം അടുത്ത പ്രവൃത്തിദിവസത്തേക്ക് മാറ്റിവയ്‌ക്കും. അപ്രകാരം മാറ്റിവച്ച ദിവസം അതേ സ്ഥലത്തും സമയത്തും കൂടുന്ന യോഗത്തില്‍ ക്വാറം നോക്കാതെ തന്നെ തെരഞ്ഞെടുപ്പ് നടത്താം.
സ്ഥാനാര്‍ത്ഥിയെ ഒരാള്‍ നാമനിര്‍ദ്ദേശം ചെയ്യേണ്ടതും മറ്റൊരാള്‍ പിന്താങ്ങേണ്ടതുമാണ്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടയാള്‍ യോഗത്തില്‍ ഹാജരില്ലാത്തപക്ഷം അയാള്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനുളള സമ്മതപത്രം ഹാജരാക്കണം. ഒരാള്‍ ഒന്നില്‍ കൂടുതല്‍ പേരുകള്‍ നിര്‍ദ്ദേശിക്കുവാനോ ഒന്നിലധികം ആളുകളെ പിന്താങ്ങുവാനോ പാടില്ല. സ്ത്രീകള്‍ക്കും പട്ടികജാതിവര്‍ഗ വിഭാഗങ്ങള്‍ക്കും ആ വിഭാഗത്തിലെ സ്ത്രീകള്‍ക്കും സംവരണം ചെയ്തിട്ടുളള സ്ഥാനങ്ങളില്‍ മത്സരിക്കുന്ന ഒരംഗത്തെ മറ്റൊരു അംഗം സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്യുകയോ പിന്തുണയ്‌ക്കുകയോ ചെയ്യേണ്ടതില്ല.
















