കൊച്ചി: ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ പങ്കാളിത്തം നികുതി സംബന്ധമായ കേസുകളില്‍ ന്യായയുക്തമായ തീരുമാനങ്ങള്‍ എടുക്കുവാന്‍ ജുഡീഷ്യറിയെ സഹായിക്കുന്നുവെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ എറണാകുളം ശാഖയുടെ ആഭിമുഖ്യത്തില്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരോക്ഷ നികുതിയെക്കുറിച്ചുള്ള ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാഖ ചെയര്‍മാന്‍ ആര്‍. ബാലഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. എസ്‌ഐ ആര്‍ സി വൈസ് ചെയര്‍മാന്‍ വി.എക്‌സ്. ജോസ്, ശാഖാ സെക്രട്ടറി ലൂക്കോസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. പരോക്ഷ നികുതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു ബാംഗ്ലൂരില്‍ നിന്നുള്ള നിയമവിദഗ്‌ദ്ധന്‍ ജി ശിവദാസന്‍ നേതൃത്വം നല്‍കി.
















