ചങ്ങനാശേരി: നഗരത്തിലെ റോഡുകള്‍ തകര്‍ന്ന നിലയിലായിട്ടും അധികൃതര്‍ കണ്ട ഭാവം നടിക്കുന്നില്ല. എംസി റോഡ്, തൃക്കൊടിക്കാനം, പായിപ്പാട്, മല്ലപ്പള്ളി, തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട ഇരുപ്പാ ലെവല്‍ ക്രോസ് റോഡ്, റെയില്‍വേസ്റ്റേഷന്റെ കിഴക്കു വശമുള്ള ഗുഡ്‌ഷെഡ് റോഡ്, ബൈപ്പാസ് റോഡ് തുടങ്ങിയ റോഡുകളാണ് പൂര്‍ണ്ണമായി തകര്‍ന്ന നിലയിലായത്. ഈ റോഡുകളില്‍ കൂടി ഇരുചക്രവാഹനക്കാരും കാല്‍ നടയാത്രക്കാരും മറ്റും വളരെ ബുദ്ധിമുട്ടിയാണ് യാത്ര ചെയ്യുന്നത്. റോഡുകള്‍ ഇത്ര ശോചനീയാവസ്ഥയിലായിട്ടും മെറ്റലും മണ്ണും പൂഴിയുമൊക്കെയിടുക മാത്രമാണ് അധികൃതര്‍ ചെയ്യുന്നത്. റെയില്‍വേ സ്റ്റേഷന് കിഴക്ക് വശമുള്ള ഗുഡ്‌ഷെഡ് റോഡിലൂടെ സഞ്ചരിച്ച് നിരവധി ആര്‍ക്കാര്‍ക്കാണ് ദിനംപ്രതി അപകടം സംഭവിക്കുന്നത്. റെയില്‍വേ നിര്‍മ്മിക്കുന്ന വാഴൂര്‍ റോഡിലേയും കവിയൂര്‍ റോഡിലേയും റെയില്‍വേ മേല്‍പാലങ്ങള്‍ പണിതീരാത്തത് നഗരവാസികള്‍ക്കും ദീര്‍ഘദൂര വാഹനയാത്രക്കാര്‍ക്കും വിനയായിരിക്കുകയാണ്. ഫാത്തിമാപുരത്തുള്ള മേല്‍പ്പാലത്തിന്റേയും അപ്രോച്ച് റോഡിന്റേയും പണി തീരാറായിരിക്കുകയാണ്. പടിഞ്ഞാറു വശത്ത് ആറു വീട്ടുകാരുടെ സ്ഥലംകൂടി ഏറ്റെടുത്താല്‍ മാത്രമേ ഇവിടെ മൊത്തത്തില്‍ പണി പൂര്‍ത്തിയാവുകയുള്ളു. എന്നാല്‍ ഈ സ്ഥലങ്ങള്‍ ഇതുവരെ ഏറ്റെടുത്തു റെയില്‍വേയ്‌ക്കു കൈമാറുന്നതിനുള്ള നടപടികളായിട്ടില്ല. കഴിഞ്ഞ ആഗസ്ത് മാസത്തില്‍ സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതിന് റെയില്‍വേ സംസ്ഥാന സര്‍ക്കാരില്‍ പണം കെട്ടിവച്ചതാണ്. റവന്യു ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനാസ്ഥയാണ് പണി നീളുന്നതിനും മേല്‍പ്പാലം തുറന്നുകൊടുക്കുന്നതിനും കഴിയാത്ത സ്ഥിതിയിലാക്കിയത്. പൊതുജനങ്ങളുടെ ദുരിതം ഇരട്ടിയായി വര്‍ദ്ധിപ്പിക്കുന്ന നടപടിയാണ് ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സ്ഥലമുടമകള്‍ സമ്മതപത്രം നല്‍കിയിട്ടും സ്ഥലം ഏറ്റെടുക്കുന്നതില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ ആരോപിച്ചു.
ഇതിനെതിരെ റോഡു തടയല്‍ ഉള്‍പ്പെടെയുള്ള സമരപരിപാടികളിലേക്ക് നീങ്ങാനുള്ള തയ്യാറെടുപ്പിലാണ് ചങ്ങനാശേരിയിലെ ജനങ്ങള്‍. റെയില്‍വേ സ്റ്റേഷന്റെ ഗുഡ്‌ഷെഡ് റോഡിന്റെ അവസ്ഥയും, മേല്‍പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാത്തതിന് ജലവിഭവ വകുപ്പിന്റെ വിതരണക്കുഴല്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള കാലതാമസവും മേല്‍പാലത്തിന്റെ പണികളെ ബാധിച്ചിട്ടുണ്ട്. ഇത്രയൊക്കെയായിട്ടും സ്ഥലം എംഎല്‍എയോ ജനപ്രതിനിധികളോ മറ്റാരുംതന്നെ തങ്ങള്‍ അനുഭവിക്കുന്ന ദുരിതം ഇല്ലാതാക്കുന്നതിനായി ശ്രമിച്ചിട്ടില്ലായെന്നാണ് നാട്ടുകാര്‍ പറയുന്നത്.
















