കൊച്ചി:മെട്രോനിര്‍മ്മാണത്തിനായി കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ദീപാവലി മധുരത്തിന്റേതായി. ദീപാവലി മധുരവുമായി ഇത്തവണയും കടന്നു ചെന്നത് ലുലുമാളും എറണാകുളം പ്രസ്‌ക്ലബ്ബുമാണ്. മെട്രോയുടെ നിര്‍മ്മാണ മേഖലകളില്‍ ജോലി ചെയ്യുന്നവരില്‍ ഏറെയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. മെട്രോയുടെ നിര്‍മ്മാണത്തിന് അവധിയില്ലാത്തതിനാല്‍ പലര്‍ക്കും സ്വന്തം നിലയില്‍ പോലും ദീപാവലി ആഘോഷിക്കാനായില്ല.
കളമശ്ശേരിയിലേയും ഇടപ്പള്ളിയിലേയും ലേബര്‍ ക്യാമ്പുകളിലെത്തിയാണ് മധുരവും ഒപ്പം ആഘോഷം വര്‍ണ്ണാഭമാക്കാന്‍ പടക്കവും പൂത്തിരികളും വിതരണം ചെയ്തത്. ലുലുമാള്‍ ബിസിനസ് ഹെഡ് ഷിബു ഫിലിപ്‌സ് തൊഴിലാളികള്‍ക്ക് മധുരം നല്‍കിയാണ് ഇടപ്പള്ളി ലേബര്‍ക്യാമ്പില്‍ നടന്ന ആഘോഷം ഉദ്ഘാടനം ചെയ്തത്. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കെ. രവികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കളമശ്ശേരി ലേബര്‍ക്യാമ്പില്‍ നടന്ന മധുരവിതരണം പ്രസ്‌ക്ലബ്ബ് സെക്രട്ടറി എസ്. ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിച്ചു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, ലുലുഗ്രൂപ്പ് മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി.സ്വരാജ്, ലുലുമാള്‍ അസി. മാനേജര്‍ കെ.കെ. ഷരീഫ്, സെക്യൂരിറ്റി മാനേജര്‍ ഒ. സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. മധുരവിതരണത്തിന് ശേഷം പാട്ടുപാടിയും പടക്കം പൊട്ടിച്ചും ആഘോഷം ഗംഭീരമാക്കി.
















