ന്യൂയോര്‍ക്ക്: അന്താരാഷ്‌ട്ര വ്യാപാര നിയമം സംബന്ധിച്ച ഐക്യരാഷ്‌ട്ര സഭാ കമ്മീഷനിലേക്ക് ഭാരതം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ആറുവര്‍ഷമാണ് അംഗത്വ കാലയളവ്. യുഎന്‍ പൊതുസഭയില്‍ തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിലാണ് ഭാരതം ജയിച്ചത്. യുഎന്നിലെ തെരഞ്ഞെടുപ്പുകളില്‍ ഒന്നില്‍പ്പോലും പരാജയം അറിഞ്ഞിട്ടില്ലെന്ന പെരുമ നിലനിര്‍ത്താനും ഇതോടെ ഭാരതത്തിന് സാധിച്ചു.
ആഗോള അംഗീകാരവും നിയമസാധുതയുമുള്ള യുഎന്‍ സംവിധാനമാണ് അന്താരാഷ്‌ട്ര വ്യാപാര നിയമ കമ്മീഷന്‍. മാറുന്ന ലോകസാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യാപാര നിയമങ്ങളെ നവീകരിക്കുകയും ഏകോപിപ്പിക്കുകയുമാണ് കമ്മീഷന്റെ ദൗത്യം. നാല്‍പ്പതു വര്‍ഷമായി നിലവിലുള്ള ഈ സമിതിയിലെ ഇപ്പോഴത്തെ അംഗങ്ങളില്‍ അമേരിക്ക, ഓസ്‌ട്രേലിയ, ബ്രസീല്‍, ചിലി, ഇസ്രായേല്‍, ഇറാന്‍, ഇറ്റലി, പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ്, സ്‌പെയിന്‍, തുര്‍ക്കി, വെനസ്വേല എന്നിവയും ഉള്‍പ്പെടുന്നു.
















