കൊച്ചി: വോട്ടെണ്ണല്‍ പുരോഗതി അപ്പപ്പോള്‍ കമ്മീഷനെയും മീഡിയ സെന്ററുകളെയും പൊതുജനങ്ങളെയും അറിയിക്കുന്നതുമായി ബന്ധപ്പെട്ട് കമ്മീഷന്‍ സജ്ജീകരിച്ച ട്രെന്‍ഡ് സോഫ്റ്റ്‌വെയറിലേയ്‌ക്ക് വോട്ടിന്റെ വിവരം അപ്‌ലോഡ് ചെയ്യുന്നതിനായി കൗണ്ടിംഗ് സെന്ററില്‍ ബ്ലോക്ക് വരണാധികാരിയുടെ ഹാളിന് സമീപവും, നഗരസഭകളിലെ കൗണ്ടിംഗ് സെന്ററുകളിലും ഡേറ്റാ അപ്‌ലോഡിംഗ് സെന്ററിന് വേണ്ടി പ്രത്യേകം മുറി സജ്ജമാക്കും.
ഓരോ പോളിംഗ് സ്‌റ്റേഷന്റെയും വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍ ഫാറം 24എല്‍ വോട്ടെണ്ണലിന്റെ ഫലം രേഖപ്പെടുത്തുകയും ട്രെന്‍ഡില്‍ നിന്ന് ലഭിക്കുന്ന ഫോറങ്ങള്‍ പൂരിപ്പിച്ച് ഒപ്പ് രേഖപ്പെടുത്തേണ്ടതുമാണ്. ഉടന്‍തന്നെ പൂരിപ്പിച്ച ട്രെന്‍ഡിലെ ഫാറങ്ങള്‍/ഫാറം 24എയുടെ ഭാഗം 2 ന്റെ ഡ്യൂപ്ലിക്കേറ്റ് ഇതിലേയ്‌ക്ക് നിയോഗിച്ച ജീവനക്കാരന്‍ മുഖേന ഡേറ്റാ അപ്‌ലോഡിംഗ് സെന്ററില്‍ ലഭ്യമാക്കും.
ഗ്രാമപഞ്ചായത്ത് വരണാധികാരി ഗ്രാമപഞ്ചായത്തിന്റെ 24 എ ഫാറത്തില്‍ ഒപ്പ് രേഖപ്പെടുത്തി ഫാറം 25ലെ റിസള്‍ട്ട് ഷീറ്റ് തയ്യാറാക്കണം. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ 24എ ഫാറങ്ങള്‍ ഉടന്‍തന്നെ ബ്ലോക്ക് വരണാധികാരിക്ക് ലഭ്യമാക്കുകയും വേണം. മേല്‍പ്പറഞ്ഞ പ്രകാരം കൗണ്ടിംഗ് ഹാളില്‍ നിന്നും ഡേറ്റാ അപ്‌ലോഡിംഗ് സെന്ററിലേയ്‌ക്കും ബ്ലോക്ക് വരണാധികാരികള്‍ക്കും 24എ ഫാറങ്ങള്‍ ലഭ്യമാക്കുന്നതിന് മാത്രം ഓരോ ഗ്രാമപഞ്ചായത്തിലേയ്‌ക്കും ഒരു ജീവനക്കാരനെ ചുമതലപ്പെടുത്തും.
വോട്ടെണ്ണല്‍ പൂര്‍ത്തിയായി ഫാറം 25ലെ റിസള്‍ട്ട് ഷീറ്റ് തയ്യാറാക്കുന്ന മുറയ്‌ക്ക് ഓരോ ഗ്രാമപഞ്ചായത്ത് വാര്‍ഡിലെയും ഫലപ്രഖ്യാപനം ഗ്രാമപഞ്ചായത്ത് വരണാധികാരി നടത്തും.
















