ന്യൂദല്‍ഹി: ഉത്തരഭാരതത്തിലെ കര്‍വാ ചൗത്തെന്ന ഹൈന്ദവ ഉത്സവത്തെ അപഹസിച്ച പത്രപ്രവര്‍ത്തക ബര്‍ഖാ ദത്തിന് നടി രവീണാ ഠണ്ടന്റെ ചുട്ട മറുപടി. ദക്ഷിണഭാരതത്തിലെ തിരുവാതിര മഹോത്സവത്തോട് ചില സമാനതകളുള്ളതാണ് കര്‍വാ ചൗത്ത്.
നല്ല ഭര്‍ത്താവിനെ കിട്ടാന്‍ കന്യകമാരും ഭര്‍ത്താവിന്റെ ആയുരാരോഗ്യ ക്ഷേമത്തിനു വേണ്ടി ഭാര്യയും വ്രതം അനുഷ്ഠിക്കുകയും വ്രതാവസാനം ചന്ദ്രദര്‍ശനവും പൂജയും നടത്തുകയും ചെയ്യുന്ന ഈ ചടങ്ങ് ഉത്തരഭാരതത്തിലെ സുപ്രധാന അനുഷ്ഠാന ആഘോഷമാണ്. എന്നാല്‍ അത് പിന്തിരിപ്പനും പാരമ്പര്യത്തില്‍ കെട്ടിയിടുന്നതുമാണെന്നുമായിരുന്നു ബര്‍ഖയുടെ ആക്ഷേപം. മധ്യപ്രദേശ്, രാജസ്ഥാന്, ഹിമാചല്‍, യുപി, പഞ്ചാബ് എന്നിവിടങ്ങളില്‍ അതിവിശേഷമാണ് ഈ ആഘോഷം.
ട്വിറ്ററില്‍ ബര്‍ഖയെ വിമര്‍ശിച്ച് നടി രവീണാ ഠണ്ടന് ഇങ്ങനെ എഴുതി: നൂറ്റാണ്ടുകളായി തുടരുന്ന മനോഹരമായ പൈതൃകമാണ് കര്‍വാ ചൗത്ത്; കന്യകമാര്‍ ഭാവി ഭര്ത്താക്കന്മാര്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഞാന്‍ എന്റെ മുഴുവന്‍ കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. അതൊരിക്കലും പിന്തിരിപ്പനല്ല. ഏതാനും വിമോചന-പുരോഗമന സ്ത്രീകള്‍ക്ക് അങ്ങനെയല്ലായിരിക്കാം. പക്ഷേ, നിങ്ങള്‍ ചിന്തിക്കുന്നതുപോലെ കര്വാചൗത്തിന് ആരേയും ആരും നിര്‍ബന്ധിക്കുന്നില്ല, രവീണ ഠണ്ടന് പറയുന്നു.
വിവാഹിതയായിക്കഴിഞ്ഞാല്‍, ഭര്‍ത്താവും എനിക്കുവേണ്ടി ഉണ്ണാവ്രതമെടുക്കുന്നു, കുട്ടികളും മറ്റും ചേര്‍ന്ന് വ്രതം മുറിയ്ക്കുന്നു, അത്താഴം കഴിക്കുന്നു, അത്രമാത്രം, ബര്‍ഖയ്ക്ക് രവീണ പഠിപ്പിച്ചുകൊടുക്കുന്നു.
വിമര്‍ശനവും വിയോജിപ്പുമൊന്നുമില്ലാതെ രവീണ ട്വിറ്ററില്‍ ബര്ഖയ്ക്കുകൊടുത്ത മറുപടി മുതിര്‍ന്ന പത്രപ്രവര്‍ത്തകയെന്ന നിലയില്‍, നാടിന്റെ സംസ്കാരത്തോടും പൈതൃകത്തോടും കാണിക്കുന്ന അസഹിഷ്ണുതയ്ക്കുള്ള കുറിയ്ക്കുകൊള്ളുന്ന മറുപടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: