ന്യൂദല്‍ഹി: ഭാരതത്തിലെ താമസം സുഖകരമല്ലെങ്കില്‍ പാക്കിസ്ഥാനിലേക്ക് ചെല്ലാന്‍ പ്രമുഖ ബോളിവുഡ് താരം ഷാരൂഖ് ഖാന് കൊടും ഭീകരന്‍ ഹാഫീസ് സെയ്ദിന്റെ ക്ഷണം. ലഷ്‌ക്കര്‍ ഇ തൊയ്ബയുടെ ഭാഗമായ ജമായത്ത് ഉദ ദവ എന്ന ഭീകരസംഘടനയുടെ സ്ഥാപകനേതാവാണ് ഹാഫീസ് സെയ്ദ്.
2008ലെ മുംബയ് സ്‌ഫോടന പരമ്പരയുടെ മുഖ്യആസൂത്രകന്‍ കൂടിയാണ് ഇയാള്‍. ഷാരൂഖ് ഖാന്‍ അടക്കം, മുസഌമായതുകൊണ്ട് ഭാരതത്തില്‍ വിവേചനം അനുഭവിക്കുന്ന ഏതു മുസഌമിനും പാക്കിസ്ഥാനിലേക്ക് സ്വാഗതം. സെയ്ദ് ട്വിറ്ററില്‍ കുറിച്ചു.
ഭാരതത്തില്‍ അസഹിഷ്ണുത വര്‍ദ്ധിക്കുകയാണെന്ന് ഷാരൂഖ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇതിനെ പലരും അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഷാരൂഖ് പാക് ഏജന്റാണെന്നാണ് സ്വാധി പ്രാചി ആരോപിച്ചിരുന്നത്. ഈ പശ്ചാത്തലത്തിലാണ് ഹാഫീസിന്റെ ക്ഷണം.
ഭാരതത്തില്‍ സഹിഷ്ണുതയുള്ളതിനാല്‍ ഷാരൂഖ്ഖാന്‍ കോടീശ്വരനായി: കൈലാസ്
അതിനിടെ ഷാരൂഖ് ഖാനുമായി ബന്ധപ്പെട്ട തന്റെ ട്വീറ്റ് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് പറഞ്ഞ് ബിജെപി നേതാവ് കൈലാസ് വിജയവാര്‍ഗിയ രംഗത്ത് എത്തി. ഒരാളെയും വേദനിപ്പിക്കാനല്ല ഞാന്‍ ട്വീറ്റ് ചെയ്തത്.ഞാന്‍ ട്വീറ്റ് പിന്‍വലിക്കുകയാണ്. കൈലാസ് തുടര്‍ന്നു. ഷാരൂഖ് ഭാരതത്തിലാണ് താമസിക്കുന്നത്,
പക്ഷെ ആത്മാവ് പാക്കിസ്ഥാനിലാണ്, അദ്ദേഹത്തിന്റെ സിനിമകള്‍ കോടികളാണ് ഭാരതത്തില്‍ നേടുന്നത്. പക്ഷെ ഭാരതം അസഹിഷ്ണുവാണെന്നാണ് അദ്ദേഹം പറയുന്നത്. ഇത് ഭാരത വിരുദ്ധം അല്ലെങ്കില്‍ മറ്റെന്താണ് എന്നായിരുന്നു കൈലാസ് ട്വീറ്റ് ചെയ്തത്. ഭാരതത്തില്‍ സഹിഷ്ണുതയുള്ളതിനാലാണ് ഷാരൂഖിന്റെ സിനിമകള്‍ വിജയിക്കുന്നതും അദ്ദേഹം കോടീശ്വരന്‍ ആയതും. കൈലാസ് ചൂണ്ടിക്കാട്ടി.
















