ന്യൂദല്‍ഹി: ക്രമസമാധാന പാലനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണെങ്കിലും വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി അവാര്‍ഡുകള്‍ തിരികെ കൊടുക്കുന്നവരുടെ പ്രശ്നങ്ങള്‍ അവരുമായി ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സജ്ജമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്. എല്ലാ ജോലികളും മാറ്റിവെച്ച് വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്. രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചുവെന്ന് കരുതുന്നില്ലെന്നും രാജ്നാഥ്സിങ് പറഞ്ഞു.
എല്ലാ വിഷയങ്ങളിലും പ്രധാനമന്ത്രിയാണ് ഉത്തരവാദി എന്ന് പറഞ്ഞ് പ്രതിഷേധിക്കുന്നത് ശരിയല്ല. രാജ്യത്ത് ആഭ്യന്തര പ്രശ്നങ്ങളുണ്ടെങ്കില്‍ പ്രധാനമന്ത്രിക്കു നേരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പകരം ആഭ്യന്തര മന്ത്രിയായ തനിക്കെതിരെയാണ് രംഗത്തെത്തേണ്ടതെന്നും രാജ്നാഥ്സിങ് പറഞ്ഞു.
വിഷയം ഉന്നയിക്കുന്നവരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. ഈ വിഷയത്തില്‍ ചര്‍ച്ച നടക്കുകയാണെങ്കില്‍ സ്വഗതം ചെയ്യും. അവര്‍ക്ക് അവരുടെ നിലപാടുകളും ഉന്നയിക്കുന്ന വിഷയങ്ങളും ചര്‍ച്ചയില്‍ അവതരിപ്പിക്കാം. ഗൗരവകരമായ നിലപാടുകളുണ്ടെങ്കില്‍ അതു കേന്ദ്രസര്‍ക്കാര്‍ കണക്കിലെടുക്കും.
എഴുത്തുകാര്‍ എന്തിനാണ് അവാര്‍ഡുകള്‍ തിരികെ കൊടുക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നേയില്ല. എങ്കിലും അവരുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സജ്ജമാണ്. രാജ്യത്ത് ഇതിനു മുമ്പ് വലിയ വര്‍ഗ്ഗീയ ലഹളകള്‍ നടന്നിട്ടുണ്ട്. അന്നൊന്നും ആരും പ്രതിഷേധിച്ച് അവാര്‍ഡുകള്‍ തിരികെ കൊടുക്കുന്നത് കണ്ടിട്ടില്ല. ബുദ്ധിജീവികളെ ബഹുമാനിക്കുന്നയാളാണ് താനെന്നും അവര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുകയാണ് വേണ്ടെതെന്നും രാജ്നാഥ്സിങ് പറഞ്ഞു.
ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തിന് യാതൊരു നിയന്ത്രണങ്ങളും രാജ്യത്തില്ല.
ഏതെങ്കിലും മതത്തിന്റെ ആചരണത്തിനും വിലക്കില്ല. ഒരു ദിവസം മുഴുവനിരുന്ന് എല്ലാം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്. എന്നാല്‍ എല്ലാ വിഷയങ്ങള്‍ക്കും ഇവരെന്തിനാണ് പ്രധാനമന്ത്രിയെ ലക്ഷ്യം വെയ്ക്കുന്നതെന്ന് മനസ്സിലാകുന്നേയില്ല. ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് എന്നെയാണ് എതിര്‍ക്കേണ്ടത്. പ്രധാനമന്ത്രിയെന്നത് ഒരു വ്യക്തിക്കുപരി പ്രസ്ഥാനമാണ്. എല്ലാറ്റിനും പ്രധാനമന്ത്രിയെ എതിര്‍ക്കുന്നത് രാജ്യത്തിന്റെ നേട്ടങ്ങള്‍ക്ക് വിഘാതമാണ്. വ്യക്തികള്‍ മാറിമാറി വരുന്നു. എന്നാല്‍ ഇത്തരം ഭരണഘടനാ സ്ഥാപനങ്ങളുടെ ബഹുമാനം നിലനിര്‍ത്തേണ്ടത് ജനങ്ങളുടെ ബാധ്യതയാണ്.
രാജ്യത്തെ പ്രശ്നങ്ങള്‍ ആര്‍എസ്എസ് പ്രത്യയ ശാസ്ത്രത്തിന്റെ സ്വാധീന ഫലമാണെന്ന് ചിലര്‍ വിശ്വസിക്കുന്നു. പഞ്ചിംഗ് ബാഗിന് സമാനമായാണ് ആര്‍എസ്എസിന്റെ പേര് പലരും എല്ലാവിഷയങ്ങളിലും ഉപയോഗിക്കുന്നത്. താനൊരു ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തിന്റെ പിന്തുടര്‍ച്ചക്കാരനാണെന്നും ആ പ്രത്യയശാസ്ത്രം വിഭജനത്തില്‍ വിശ്വസിക്കുന്നതാണെങ്കില്‍ അതെന്നില്‍ പ്രതിഫലിക്കേണ്ടതായിരുന്നു. ഭാരത സംസ്ക്കാരത്തിലൂന്നിയുള്ള പ്രത്യയശാസ്ത്രമാണ് ആര്‍എസ്എസിന്റേത്. വസുധൈവ കുടുംബകം എന്ന ലോകം മുഴുവനും ഒന്നായി കരുതുന്ന പ്രത്യയ ശാസ്ത്രമാണതെന്നും രാജ്നാഥ്സിങ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: