താനെ: ജൈന സന്യാസി ഹന്‍സ് രത്‌ന വിജയിമഹാരാജ് 494 ദിവസത്തിനിടയില്‍ 423 ദിവസം ഉപവസിച്ച് റെക്കോഡിട്ടു. ഞായറാഴ്ചയാണ് ദീര്‍ഘ ഉപവാസദീക്ഷ പൂര്‍ത്തിയായത്. ഉപവാസ ദീക്ഷ പൂര്‍ത്തീകരണത്തോടനുബന്ധിച്ച് നടന്ന ആഘോഷത്തില്‍ ആയിരക്കണക്കിന് ജൈന ഭക്തന്മാര്‍ പങ്കെടുത്തു.
2500 വര്‍ഷത്തിനുശേഷം നടന്ന ഈ റെക്കോഡ് നേട്ടത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവീസ്, ഭാരതത്തിലെ ജൈന സന്യാസിമാരുടെ തലവന്‍ താപകഛത്രപതി ആചാര്യ പ്രേമസൂരിസ്വര്‍ജി മഹാരാജ് എന്നിവര്‍ പങ്കെടുത്തു. മഹാവീരന്റെ കാലത്ത് അഞ്ച് ജൈനമത സന്യാസിമാര്‍ ഉപവാസം നടത്തി രേഖപ്പെടുത്തിയ റെക്കോഡിനൊപ്പമാണ് ഹന്‍സ് രത്‌ന വിജയി മഹാരാജ് എത്തിയിരിക്കുന്നത്.
ചടങ്ങിനോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സന്യാസിമാര്‍ 51 ലക്ഷം രൂപ സംഭാവന നല്‍കി. മൃഗസംരക്ഷണ പരിപാലന പദ്ധതിയായ ജീവ്ദയയിലേക്ക് ഒരു കോടി രൂപയും സംഭാവന നല്‍കി. സ്‌ക്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം ആരംഭിക്കണമെന്നും സന്യാസിമാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
480 ദിവസത്തിനിടയില്‍ 407 ദിവസം ഉപവസിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട് ഇത് 494 ദിവസത്തിനിടയില്‍ 423 ദിവസമാക്കി മാറ്റുകയായിരുന്നു.2500 വര്‍ഷംമുമ്പ് ഒരുസംഘം ജൈനസന്ന്യാസിമാര്‍ 423 ദിവസം ഉപവാസം അനുഷ്ഠിച്ചിരുന്നു. അന്ന് അഞ്ച് സന്ന്യാസിമാരാണ് ദീക്ഷ പാലിച്ചത്. അതിനുശേഷം ഈ ഉപവാസം രേഖപ്പെടുത്തുന്നത് ആദ്യമായാണ്.
ഉപവാസത്തിന്റെ ആദ്യമാസത്തില്‍ ഒരുദിവസം ഉപവാസം അടുത്തദിവസം ഭക്ഷണം എന്നതായിരുന്നു. രണ്ടാമത്തെ മാസത്തില്‍ രണ്ട് ദിവസം ഉപവാസം ഒരു ദിവസം ഭക്ഷണം എന്നായിരുന്നു. പിന്നീട് ഉപവാസ ദിനങ്ങള്‍ പടിപടിയായി ഉയര്‍ത്തിക്കൊണ്ടുവരികയായിരുന്നു. സൂര്യോദയത്തിനും സൂര്യാസ്തമയത്തിനുമിടയില്‍ തിളപ്പിച്ച വെള്ളം മാത്രമാണ് കഴിച്ചിരുന്നത്.
















