ന്യൂദല്‍ഹി: ബിജെപി വിരോധം മൂത്ത് വിറളിപൂണ്ടവരാണ് അവാര്‍ഡുകള്‍ തിരികെ കൊടുക്കുന്നതെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇതില്‍ പലരും നരേന്ദ്രമോദിക്കെതിരെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണരംഗത്തിറങ്ങിയവരാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
അവാര്‍ഡുകള്‍ തിരികെ കൊടുക്കുന്നവര്‍ രാഷ്‌ട്രീയം കളിക്കുന്നവരാണെന്നും ചലച്ചിത്രരംഗത്തുള്ളവരും എഴുത്തുകാര്‍ക്കൊപ്പം അവാര്‍ഡുകള്‍ തിരികെ കൊടുക്കുന്നതിനെതിരെ പാട്‌നയില്‍ പ്രതികരിച്ചുകൊണ്ട് ജെയ്റ്റ്‌ലി പറഞ്ഞു.
രാജ്യത്ത് ഇടതുപക്ഷത്തിന്റെ ഇടം കുറഞ്ഞതു മൂലം പ്രതിസന്ധിയിലായവരാണ് ബിജെപിക്കെതിരെ ബീഹാര്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രചാരണം നടത്തുന്നത്. രാജ്യത്ത് അസഹിഷ്ണുതയുടെ അന്തരീക്ഷം നിലവിലില്ലെന്നും അത്തരത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായ എന്തെങ്കിലും സാഹചര്യം ഉടലെടുക്കില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
എല്ലാ സംഭവങ്ങളെയും അസഹിഷ്ണുതയുടെ ഉദാഹരണമാക്കി ചിത്രീകരിക്കാനാണ് ശ്രമം. ഇത്തരം സംഭവങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്തെ അഴിമതിയും ദുര്‍ഭരണവും പ്രതികരിക്കാതെ വിട്ടവര്‍ ഇപ്പോള്‍ രംഗത്തിറങ്ങിയത് സംശയകരമാണ്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ച് അക്കാദമിക് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതിനെ അരുണ്‍ ജയ്റ്റ്‌ലി സ്വാഗതവും ചെയ്തു.
















