അബ്ദുള്‍ ബാസിത്
ബംഗളുരു: ഭാരതം തേടുന്ന കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ ഇല്ലെന്ന് ഭാരതത്തിലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത്. ദാവൂദ് എവിടെയുണ്ടെന്ന കാര്യത്തില്‍ ഭാരത സര്‍ക്കാരിന് ഉറപ്പില്ലെന്നും എന്തെങ്കിലും വിവരം കിട്ടിയാല്‍ അറിയിക്കണമെന്നും അബ്ദുള്‍ ബാസിത് ആവശ്യപ്പെട്ടു.
ബംഗളുരു ഇന്റര്‍നാഷണല്‍ സെന്ററും തക്ഷശില ഇന്‍സ്റ്റിട്യൂഷനും ചേര്‍ന്ന് സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബാസിത്. ഭീകര സംഘടനയായ ജമാഅത്ത് ഉദ്ദവയെ കുറിച്ചുള്ള ചോദ്യത്തിന് അത് മനുഷ്യസ്‌നേഹപരമായ സംഘടനയാണെന്നും തെറ്റായി എന്തെങ്കിലും കണ്ടെത്തിയാല്‍ നിരോധിക്കാന്‍ മടിക്കില്ലെന്നും ബാസിത് വ്യക്തമാക്കി.
വലിയ രാജ്യമെന്ന നിലയില്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് ഭാരതം മുന്‍കൈയെടുക്കണം. പ്രശ്നപരിഹാരത്തിനായുള്ള ചര്‍ച്ചകളില്‍ പൗരസമൂഹപ്രതിനിധികളെ ഉള്‍പ്പെടുത്തണം. അതീവ സങ്കീര്‍ണമായ പ്രശ്നമെന്ന നിലയ്‌ക്ക് പരിഹാരത്തിന് ഇനിയും ഏറെ വര്‍ഷങ്ങള്‍ വേണ്ടി വരുമെന്നും അബ്ദുള്‍ ബാസിത് പറഞ്ഞു.
ഭാരതവുമായി ആത്മാര്‍ത്ഥമായ ബന്ധം സ്ഥാപിക്കാന്‍ പാക്കിസ്ഥാന് ആഗ്രഹമുണ്ട്. ഭാരതവും പാക്കിസ്ഥാനും തമ്മിലുള്ള തര്‍ക്കത്തിന്റെ അടിസ്ഥാന കാരണം ജമ്മു കശ്മീരാണെന്നും ബാസിത് പറഞ്ഞു.
















