എം.എം കല്‍ബുര്‍ഗി
ബംഗളൂരു: കന്നട എഴുത്തുകാരന്‍ എം.എം കല്‍ബുര്‍ഗിയെ വെടിവച്ചു കൊലപ്പെടുത്തിയ അക്രമിയെന്ന് സംശയിക്കുന്നയാളെ ബെലഗാവിയിലെ ഖനാപുര്‍ വനത്തില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. കഴിഞ്ഞ 18-നാണ് മൃതദേഹം കണ്ടെത്തിയതെങ്കിലും പോലീസ് ബുധനാഴ്ച മാത്രമാണ് വിവരം പുറത്തുവിട്ടത്.
കല്‍ബുര്‍ഗിയുടെ ഘാതകനെന്ന് സംശയിക്കുന്ന ഒരാളുടെ രേഖാചിത്രവുമായി മൃതശരീരത്തിന് സാദൃശ്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉപയോഗിക്കാത്ത ഒരു വെടിയുണ്ടയും മൃതശരീരത്തിന് സമീപത്തുനിന്നും ലഭിച്ചിരുന്നു. മൃതദേഹം ഇതുവരെ ആരും തിരിച്ചറിഞ്ഞിട്ടില്ലെന്നും അതിനു ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുളളുവെന്നും ബെല്‍ഗാവി എസ്.പി രവികാന്ദെ പറഞ്ഞു.
മൃതദേഹം സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ധാര്‍വാര്‍ഡിലെ കല്യാണ്‍ നഗറിലെ വീട്ടില്‍ ആഗസ്ത് 30-നാണ് കല്‍ബുര്‍ഗിയെ ബൈക്കിലെത്തിയ രണ്ടംഗസംഘം വെടിവെച്ചുകൊന്നത്. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ പ്രതികളെക്കുറിച്ചുളള യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് കേസ് സിബിഐയ്‌ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
















