ശ്രീനഗര്‍: ഭീകര സംഘടനയായ ലഷ്കര്‍ ഇ തൊയ്ബയുടെ കമാന്‍ഡര്‍ അബു ഖാസിമിനെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ഉധംപൂര്‍ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ അബു ഖാസിം കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സൈന്യവുമായുള്ള എറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.
പട്രോളിംഗ് നടത്തുകയായിരുന്ന ആര്‍ആര്‍ റൈഫിള്‍സ് 14 വിഭാഗത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിനിടെയാണ് ഖാസിം കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ ഇന്നു പുലര്‍ച്ചെ വരെ നീണ്ടു.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടെ കാശ്മീരില്‍ ഉണ്ടായ ആക്രമണങ്ങളില്‍ ഖാസിമിന് പങ്കുണ്ടെന്ന് സുരക്ഷാ ഏജന്‍സികള്‍ പറഞ്ഞു. 2013 ജൂണില്‍ ശ്രീനഗറിലെ ഹൈദര്‍പുരയില്‍ സൈനിക വാഹന വ്യൂഹത്തിനുനേരെ അബു ഖാസിമിന്റെ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തില്‍ ഒമ്പത് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
ഭീകരര്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തിയിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ അല്‍ത്താഫ് അഹമ്മദിനെ വധിച്ചതിനും പിന്നിലും അബുവിന്റെ ബുദ്ധിയായിരുന്നു. ഖാസിമിന്റെ തലയ്‌ക്ക് 20 ലക്ഷം രൂപയാണ് സൈന്യം പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഉധംപൂര്‍ കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു. ഖാസിമിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍.ഐ.എ 10ലക്ഷം രൂപയും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
















