ന്യൂദല്‍ഹി: മുസ്ലിം വ്യക്തിനിയമം പരിശോധനയ്‌ക്ക് വിധേയമാക്കുമെന്ന് സുപ്രീംകോടതി. ബഹുഭാര്യാത്വം, മൂന്നു തലാഖ് വാക്കാല്‍ ചൊല്ലി വിവാഹമോചനം തുടങ്ങിയ മുസ്ലിം വ്യക്തിനിയമത്തിലെ സ്ത്രീവിരുദ്ധ ഭാഗങ്ങളാണ് പരിശോധനയ്‌ക്ക് വിധേയമാക്കുകയെന്ന് സുപ്രീംകോടതി അറിയിച്ചു.
മുസ്ലിം മതത്തിലെ പരിഷ്‌ക്കരണത്തെ എതിര്‍ക്കുന്ന ഒരു വിഭാഗത്തിന് തിരിച്ചടിയാണ് സുപ്രീംകോടതിയുടെ നിലപാട്. വിഷയം പരിശോധിക്കുന്നതിനായി ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു പ്രത്യേക ബെഞ്ച് രൂപീകരിക്കണമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എ.ആര്‍. ദവേ, എ.കെ. ഗോയല്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മുസ്ലിം വ്യക്തി നിയമത്തിലെ ലിംഗ സമത്വത്തെ ഭരണഘടനാനുസൃതമായി പരിശോധിക്കുമ്പോള്‍ ലിംഗത്തിന്റെ അടിസ്ഥാനത്തിലുള്ള വേര്‍തിരിവുകള്‍ പരിശോധിക്കപ്പെടേണ്ടതാണ്. വിവാഹബന്ധം ഉപേക്ഷിക്കുന്നതു സംബന്ധിച്ച് സ്ത്രീയ്‌ക്ക് യാതൊരു സുരക്ഷിതത്വവുമില്ലാത്ത സാഹചര്യം ഉണ്ട്. ഇത് സമൂഹത്തില്‍ അവളുടെ അന്തസിന് കോട്ടം തട്ടാനിടയാക്കുന്നു, സുപ്രീംകോടതി വ്യക്തമാക്കി.
വിവാഹം, പിന്തുടര്‍ച്ചാവകാശം എന്നിവ സംബന്ധിച്ചുള്ള നിയമങ്ങള്‍ മതത്തിന്റെ ഭാഗമല്ല. നിയമങ്ങള്‍ കാലാനുസൃതമായി മാറണം. ലിംഗ സമത്വമില്ലായ്‌മയ്‌ക്കെതിരായ നിരവധി സുപ്രീംകോടതി വിധികള്‍ ചൂണ്ടിക്കാട്ടിയ ബെഞ്ച്, അറ്റോര്‍ണി ജനറലിനോടും ദേശീയ നിയമ സഹായ അതോറിറ്റിയോടും നവംബര്‍ 23ന് മുമ്പായി നിലപാട് അറിയിക്കാനും നിര്‍ദ്ദേശിച്ചു.
വിവാഹം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ വിവിധ മതങ്ങളുടെ വ്യക്തിനിയമം വേര്‍തിരിച്ചാണ് പരിഗണിക്കുന്നത്. ഹിന്ദു സമുദായത്തിന്റെ നിയമം 1950കളില്‍ പരിഷ്‌ക്കരിച്ചെങ്കിലും മുസ്ലിം വ്യക്തിനിയമത്തില്‍ കാലാനുസൃതമായ പരിഷ്‌ക്കരണങ്ങള്‍ വരുത്താന്‍ തയ്യാറായിട്ടില്ല. സ്ത്രീകള്‍ക്കെതിരായ നിരവധി നിയമങ്ങള്‍ ഇനിയും തിരുത്തിയിട്ടില്ല.
ബഹുഭാര്യാത്വത്തെയും മുത്തലാക്കിനെയും മുസ്ലിം വ്യക്തിനിയമം അനുകൂലിക്കുന്നു. പിന്തുടര്‍ച്ചാവകാശം സംബന്ധിച്ച കാര്യത്തില്‍ മുസ്ലിം വനിതകള്‍ വേര്‍തിരിവ് അനുഭവിക്കുന്നുണ്ട്. മുസ്ലിം വിവാഹത്തില്‍ സാക്ഷിയായി രണ്ട് മുസ്ലിം വനിതകള്‍ക്ക് തുല്യമായാണ് ഒരു മുസ്ലിം പുരുഷനെ കണക്കാക്കുന്നത്. ഈ വര്‍ഷം ആദ്യം നടത്തിയ ഒരു സര്‍വ്വേയില്‍ 90 ശതമാനം സ്ത്രീകളും ബഹുഭാര്യാത്വത്തേയും മൂന്നു തലാഖിനെയും എതിര്‍ക്കുന്നതായും കണ്ടെത്തിയിരുന്നു.
ബഹുഭാര്യാത്വമെന്നത് പൊതുമൂല്യങ്ങള്‍ക്ക് വിഘാതമാണെന്നും സതിയെന്ന ദുരാചാരത്തെ എതിര്‍ത്തതിന് സമാനമായി ഇതും എതിര്‍ക്കേണ്ടതാണെന്നും സുപ്രീംകോടതി ബെഞ്ച് പറഞ്ഞു.
സുപ്രീംകോടതിയുടെ പുതിയ തീരുമാനത്തെ അനുകൂലിച്ച് മുസ്ലിം പണ്ഡിതനും മുന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനുമായ താഹിര്‍ മുഹമ്മദ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്.
ഭരണഘടനയിലെ മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യമെന്ന ഘടകത്തില്‍ മുസ്ലിം വ്യക്തിനിയമം ഉള്‍പ്പെടുമെന്നാണ് ചിലരുടെ തെറ്റായ ധാരണകളെന്നും രാജ്യത്തിന്റെ നിയമ സംവിധാനത്തിനകത്തുള്ളത് മാത്രമാണ് മുസ്ലിം വ്യക്തിനിയമമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം വനിതകള്‍ക്ക് നേരിടേണ്ടിവരുന്ന അവഗണന അവസാനിപ്പിക്കുന്നതിന് സുപ്രീംകോടതി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
















