ന്യൂദല്‍ഹി: സ്ത്രീയുടെ അനുമതിയില്ലാതെ അവരുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് ദല്‍ഹി കോടതി വ്യക്തമാക്കി. ആര്‍മി ആശുപത്രി ജീവനക്കാരന്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചക്കേസില്‍ ശിക്ഷിച്ചതിനെതിരെയുള്ള അപ്പീല്‍ വാദത്തിനിടയിലാണ് കോടതിയുടെ പരാമര്‍ശം.
പ്രതി അയാളുടെ ചേംബറില്‍ വച്ച് തള്ളുകയും കേറിപിടിക്കുകയും ചെയ്തത് പീഡിപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണെന്നും 354-ാം വകുപ്പ് പ്രകാരം കുറ്റക്കാരനാണെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വീരേന്ദ്രര്‍ ഭട്ട് പറഞ്ഞു. പ്രതി അശോക് കുമാറിന്റെ അപ്പീല്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ആര്‍മി ആശുപത്രിയില്‍ സ്റ്റെനോഗ്രാഫറായ ഇയാള്‍ക്ക് ആറ് മാസം ജയില്‍ ശിക്ഷയും 5000 രൂപ പിഴയും മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞമാസം വിധിച്ചിരുന്നു.
2011 ഫെബ്രുവരി 2നാണ് സംഭവമുണ്ടായത്. മെഡിക്കല്‍ വിദ്യാര്‍ത്ഥിനി തന്റെ ലീവ് രജിസ്റ്റര്‍ പരിശോധിക്കാനായി കുമാറിന്റെ ചേംബറില്‍ എത്തിയപ്പോള്‍ പെട്ടെന്ന് ഇയാള്‍ കേറിപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. കുതറിമാറിയ വിദ്യാര്‍ത്ഥിനി ഉടനെ ഡോക്ടര്‍ കൂടിയായ തന്റെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.
















