ചണ്ഡീഗഡ്: പഞ്ചാബിലെ ഫരീദ് കോട്ടില്‍ സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിനെ അവഹേളിച്ച സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ്‌ചെയ്തു. പഞ്ച്‌ഗ്രെയിന്‍ ഗ്രാമവാസികളായ സഹോദരങ്ങള്‍ രൂപിന്ദര്‍ സിങ്ങും ജസ്‌വിന്ദര്‍ സിങ്ങുമാണ് അറസ്റ്റിലായത്. ഇവര്‍ ക്രിസ്തു മതത്തിലേക്ക് മാറിയവരാണ്. സംഭവത്തില്‍ വിദേശ കരങ്ങളുള്ളതായി സംശയിക്കപ്പെടുന്നു.
ഒക്‌ടോബര്‍ 12നാണ് ഗുരു ഗ്രന്ഥ് സാഹിബിന്റെ 120 പേജുകള്‍ കീറിയ നിലയില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. പോലീസ് വെടിവെയ്‌പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയുമുണ്ടായി. രൂപിന്ദറും ജസ്‌വിറുമാണ് മത ഗ്രന്ഥത്തെ അപമാനിച്ചതെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു.
ഇരുവരും തമ്മിലെ ഫോണ്‍ സംഭാഷണം അതു വെളിവാക്കുന്നു. ഓസ്‌ട്രേലിയക്കാരനുമായി രൂപിന്ദര്‍ സംസാരിക്കുന്നതിന്റെ ടെലഫോണ്‍ രേഖകളും പുറത്തുവന്നിരുന്നു. സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് രണ്ടുപേരും സംസാരിച്ചത്. സംഭവത്തിലെ വിദേശ ഇടപെടലിലേക്ക് അതു വിരല്‍ ചൂണ്ടുന്നെന്ന്‌പോലീസ് പറയുന്നു.
















