പാട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാറിന്റെ കംപ്യൂട്ടറില്‍ ലാലുവെന്ന വൈറസ് ബാധിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി സഖ്യമുണ്ടാക്കിയ നിതീഷിനെ ബക്‌സറിലെ പ്രചാരണ യോഗത്തിനിടെയാണ് മോദി കളിയാക്കിയത്. ബക്‌സറിനോട് മുന്‍ ഭരണകൂടങ്ങള്‍ കാട്ടിയ അവഗണനയ്‌ക്കെതിരായ രോഷവും പ്രധാനമന്ത്രിയുടെ വാക്കുകളില്‍ നിറഞ്ഞു.
ബക്‌സറിനുമേല്‍ എനിക്കൊരു അവകാശമുണ്ട്; എനിക്കുമേല്‍ ബക്‌സറിനുള്ളതു പോലെ. എന്തുകൊണ്ടാണ് രാഷ്‌ട്രീയക്കാര്‍ ബക്‌സറിനെ തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ഓര്‍ക്കുന്നത്. ബക്‌സറിനെ നല്ലൊരു വിനോദ സഞ്ചാര കേന്ദ്ര മാക്കിക്കൂടെ, മോദി ചോദിച്ചു.
25 വര്‍ഷമായി ബിഹാറിനുവേണ്ടി ഒന്നും ചെയ്യാത്തവരെ ശിക്ഷിക്കൂ. ബിഹാറിന് നല്ല റോഡുകളും ജലവും വൈദ്യുതിയുമൊക്കെയാണ് ആവശ്യം. യുവാക്കള്‍ക്ക് ജോലി വേണം. കര്‍ഷകര്‍ക്കു നല്ല വിളകള്‍ ലഭിക്കണം. വികസനത്തെക്കുറിച്ച് സംസാരിക്കാന്‍ ലാലുവും നിതീഷും സോണിയയും തയ്യാറാകുന്നില്ല. അവര്‍ക്ക് വിഷയങ്ങളൊന്നുമില്ല. അതിനാലാണ് സംവരണ പോലുള്ള തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ അവര്‍ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതെന്നു മോദി കുറ്റപ്പെടുത്തി.
















