മാംഗളൂരു: അനധികൃത കശാപ്പ്ശാലകള്‍ക്കെതിരെയുള്ള റെയ്ഡിന് നേതൃത്വം നല്‍കിയ ബജ്‌രംഗദള്‍ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കഴിഞ്ഞ ഒന്‍പതിനാണ് മൂദാബിദ്രിയില്‍ പ്രശാന്ത്പൂജാരിയെ സംഘം ചേര്‍ന്ന് കൊലപ്പെടുത്തിയത്.
മുഹമ്മദ് ഷെരീഫ്, മുസ്തഫ കാവൂര്‍, മുഹമ്മദ് മുസ്തഫ, കബീര്‍ എന്നിവരാണ് ഞായറാഴ്ച പിടിയിലായത്. നേരത്തെ മുഹമ്മദ് ഹനീഫ്, മുഹമ്മദ് ഇലിയാസ്, ഇബ്രാഹിം ലിയാഖത്, അബുദുള്‍ റഷീദ് എന്നിവര്‍ അറസ്റ്റിലായിരുന്നു. അനധികൃത കശാപ്പ്ശാലകള്‍ക്കെതിരെ പ്രതികരിച്ചതിനാണ് പ്രശാന്ത് പൂജാരിയെ അറസ്റ്റ് ചെയ്തതെന്ന് മാംഗളൂരു പോലീസ് കമ്മീഷണര്‍ എസ്. മുരുകന്‍ പറഞ്ഞു. അറസ്റ്റിലായവര്‍ക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോയെന്നകാര്യം പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.
29കാരനായ പ്രശാന്ത് പൂജാരി ഒരു പൂക്കച്ചവടക്കാരനായിരുന്നു. ആറ് ബൈക്കുകളില്‍ മാരകായുധങ്ങളുമായെത്തിയ പ്രതികള്‍ പ്രശാന്ത് പൂജാരിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ പ്രക്ഷോപം നടന്നുവരികയായിരുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ക്രമസമാധാനനില പരിപാലിക്കുന്നതില്‍ പരാജയപ്പെട്ടതായി ബിജെപി ജില്ലാപ്രസിഡന്റ് പ്രതാപ് സിംഹാ നായിക് പറഞ്ഞു.
















