കൊയിലാണ്ടി: കുളമ്പ് രോഗത്തിനുള്ള കുത്തിവെയ്‌പ്പിനെതുടര്‍ന്ന് ക്ഷിരകര്‍ഷകന്റെ പശുക്കള്‍ കൈകാലുകള്‍ കുഴഞ്ഞ് അവശനിലയില്‍. കൊയിലാണ്ടി കുറുവങ്ങാട് പടിഞ്ഞാറെ പോക്കളത്ത് കൃഷ്ണന്റെ രണ്ട് പശുക്കളാണ് ശരീരം കുഴഞ്ഞനിലയില്‍ മരണത്തോട് മല്ലിടുന്നത്. ഒരാഴ്ചമുമ്പ് കൃഷ്ണന്റെ ആറ് പശുക്കളില്‍ നാലെണ്ണത്തിന് കുളമ്പ് രോഗത്തിനുള്ള പ്രതിരോധ കുത്തിവെപ്പ് നടത്തിയിരുന്നു. കൊയിലാണ്ടി മൃഗാശുപത്രിയില്‍ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ ആശുപത്രി അറ്റന്റര്‍മാര്‍ വീട്ടിലെത്തി കുത്തിവെപ്പ് നടത്തുകയായിരുന്നു. കുത്തിവെപ്പ് കഴിഞ്ഞ് ഒന്നര മണിക്കൂറിനകം പശുക്കളുടെ കാലില്‍ നീര്‍ക്കെട്ട് വന്നതിനെ തുടര്‍ന്നാണ് രോഗം ശ്രദ്ധയില്‍പെട്ടത്. പിറ്റേദിവസം ചാണകവും മൂത്രവും നിലച്ച് തീറ്റയെടുക്കാതെ പശുക്കള്‍ അവശനിലയിലാവുകയായിരുന്നു. ഇതില്‍ നാല് മാസം ഗര്‍ഭിണിയായ പശുവിന്റെ ഗര്‍ഭം അലസിയതിനെ തുടര്‍ന്ന് നിലഗുരുതരമാണ്. തുടര്‍ ചികിത്സക്കായി കൊയിലാണ്ടി മൃഗാശുപത്രി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഡോക്ടര്‍ ലീവിലാണെന്ന മറുപടിയാണ് വീട്ടുകാര്‍ക്ക് ലഭിച്ചത്.
തുടര്‍ന്ന് കോഴിക്കോട്, മൂടാടി, ബാലുശ്ശേരി മൃഗാശുപത്രികളില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ എത്തി മരുന്ന് നല്‍കിയെങ്കിലും ഫലമുണ്ടായില്ല. കൊയിലാണ്ടി മൃഗാശുപത്രിയില്‍ നിന്നെത്തിയ ജീവനക്കാര്‍ നല്‍കിയ കുത്തിവെപ്പിലുണ്ടായ പാകപ്പിഴയാണ് പശുക്കള്‍ അവശനിലയിലാകാന്‍ കാരണമെന്ന് കൃഷ്ണന്‍ പറയുന്നു. പ്രദേശത്തെ ഏറ്റവും നല്ല ക്ഷീരകര്‍ഷകനായ ഇദ്ദേഹം മുപ്പത് വര്‍ഷമായി ഈ രംഗത്തെ ആശ്രയിച്ചാണ് കുടുംബം പുലര്‍ത്തുന്നത്.
















