ന്യൂദല്‍ഹി: ഭാരതത്തിന്റെ ഭംഗി വൈവിധ്യങ്ങളിലെ ഏകതയാണെന്നും രാജ്യത്ത് ഐക്യം കാത്തുസൂക്ഷിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. രാജ്യത്തിന്റെ പ്രത്യേകതയും അഭിമാനവും സവിശേഷതയും വൈവിധ്യമാണ്. ശാന്തിയും സമാധാനവും ഐക്യവുമാണ് രാജ്യപുരോഗതിക്കാവശ്യമെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ പുരോഗതിക്കായി ശാന്തിയും സദ്ഭാവനയും ഏകതയുമാണാവശ്യം. മതപരവും ജാതീയവുമായ വിവിധതയാണ് ഭാരതത്തിന്റെ ഭംഗിയെന്ന് തിരിച്ചറിയണം. നമ്മുടെ ചിന്തകളുടെയും സ്വഭാവത്തിന്റെയും വാക്കുകളുടേയും മാധ്യമം ഐക്യത്തിന്റെ മന്ത്രമായിരിക്കണം. വൈവിധ്യങ്ങളാല്‍ നിറഞ്ഞ ഈ രാജ്യത്ത് വിവിധ ഭാഗങ്ങളും വിവിധ മതങ്ങളും വിവിധ ഭാഷകളും വിവിധ ജാതികളുമെല്ലാമുണ്ട്. ഈ വിവിധതയില്ലെങ്കില്‍ നമുക്ക് അഭിമാനിക്കാനായി മറ്റൊന്നുമുണ്ടാകില്ലായിരുന്നെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.
ഒക്ടോബര്‍ 31 സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മവാര്‍ഷികമാണ്. ഏകരാഷ്‌ട്രമെന്ന സങ്കല്‍പ്പത്തെപ്പറ്റി നാം ചിന്തിക്കുമ്പോള്‍ നമ്മള്‍ സര്‍ദ്ദാര്‍ പട്ടേലിനെ സ്മരിക്കണം. പട്ടേലിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന റണ്‍ ഫോര്‍ യൂണിറ്റി പരിപാടികളില്‍ പങ്കെടുക്കുന്നതിനായി വലിയ ആവേശത്തോടെ ആളുകള്‍ കാത്തിരിക്കുകയാണ്. റണ്‍ ഫോര്‍ യൂണിറ്റി എന്നത് റണ്‍ ഫോര്‍ വികസനം എന്ന കാഴ്ചപ്പാടിലേക്ക് മാറുകയാണ്. രാജ്യത്തിന്റെ ഐക്യമെന്നത് സര്‍ദ്ദാര്‍ പട്ടേലിന്റെ വലിയ പരിശ്രമമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അവയവദാനത്തെ പ്രോത്സാഹിപ്പിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ചിറ്റൂര്‍ സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അയച്ച കത്തും പ്രധാനമന്ത്രിയുടെ പ്രശംസയ്‌ക്ക് പാത്രമായി. കത്തിനൊപ്പം വിരലടയാളംകൊണ്ട് ഭാരതമാതാവിന്റെ ചിത്രവും വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിക്കയച്ചിരുന്നു. അവയവദാനത്തെ പ്രോത്സാഹിപ്പിക്കണമെന്നും എന്നാല്‍ അവയവങ്ങള്‍ ദാനംചെയ്യുന്നവരുടെ എണ്ണം വളരെ കുറവാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ചില സംസ്ഥാനങ്ങള്‍ അവയവദാന നടപടി ക്രമങ്ങള്‍ ലളിതവല്‍ക്കരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ അവിടങ്ങളില്‍ അവയവദാനം കൂടുതലായി നടക്കുന്നു. പ്രതിവര്‍ഷം രാജ്യത്ത് ഒരു ലക്ഷത്തോളം പേര്‍ക്കാണ് നേത്രങ്ങളാവശ്യമായി വരുന്നത്. എന്നാല്‍ കേവലം 25,000 പേര്‍ക്ക് മാത്രമാണ് നേത്രങ്ങള്‍ ലഭിക്കുന്നത്. അതിനാല്‍ത്തന്നെ സുപ്രധാനവിഷയമായ അവയവദാനം പ്രോത്സാഹിക്കപ്പെടണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
മന്‍കീ ബാത്ത് പരിപാടിയെപ്പറ്റി ഫെയ്‌സ്ബുക്കില്‍ കുറിച്ച കണ്ണൂരിലെ ശ്രദ്ധ തമ്പാന്‍ എന്ന വിദ്യാര്‍ത്ഥിനിയെയും പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു. നേരത്തെ കണ്ണൂര്‍ ആകാശവാണി നിലയവും വിദ്യാര്‍ത്ഥിനിയെ അഭിനന്ദിച്ചിരുന്നു. ഇതേ മാതൃകയില്‍ മറ്റു നിലയങ്ങളും ഇത്തരം മാതൃകാപരമായ കാര്യങ്ങള്‍ ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
















