ന്യൂദല്‍ഹി: ഇരുണ്ട ഭൂഖണ്ഡത്തിന്റെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുള്ള ഭാരത-ആഫ്രിക്ക സമ്മിറ്റ് ഇന്ന് മുതല്‍ ദല്‍ഹിയില്‍ നടക്കും. 54 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ 26-29 തീയതികളിലായി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മിറ്റില്‍ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രി സുഷമാ സ്വരാജും അറിയിച്ചു.
ആഫ്രിക്കന്‍ രാജ്യങ്ങളിലെ നേതാക്കളെയെല്ലാം ഒരുമിച്ചു ചേര്‍ത്ത് ഭാരതത്തില്‍ നടക്കുന്ന ആദ്യ സമ്മിറ്റാണ് ഇതെന്നും ഭാരതവും ആഫ്രിക്കന്‍ രാജ്യങ്ങളും ചേര്‍ന്നാല്‍ ലോകജനസംഖ്യയുടെ മൂന്നില്‍ ഒന്ന് ആണെന്നും പ്രധാനമന്ത്രി പറഞ്ഞു. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാരതവും ആഫ്രിക്കയും ഒരു ഭൂഖണ്ഡമായിരുന്നെന്നും പിന്നീട് ഇന്ത്യന്‍ മഹാസമുദ്രം മൂലം രണ്ടായി മാറുകയായിരുന്നെന്നും മോദി പറഞ്ഞു. 27ലക്ഷം ഭാരതീയരാണ് ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളില്‍ താമസിക്കുന്നത്. കാല്‍ലക്ഷത്തോളം ആഫ്രിക്കന്‍ യുവാക്കള്‍ക്കാണ് ഭാരതം വിദ്യാഭ്യാസ സൗകര്യം ചെയ്തു നല്‍കുന്നതെന്നും മോദി ഓര്‍മ്മിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന സമ്മിറ്റില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും. ഏഷ്യയിലെ അതിവേഗം വളരുന്ന രാജ്യമെന്ന നിലയില്‍ ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള സാമ്പത്തിക സഹകരണം ഭാരതത്തിന് അതീവ പ്രാധാന്യമുള്ളതാണെന്ന് കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു.
ആഫ്രിക്കയുടെ സാമ്പത്തിക വളര്‍ച്ചയിലും ആഗോള സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെടാനുള്ള ആഫ്രിക്കയുടെ ശ്രമങ്ങളോടും ഭാരതത്തിന് താല്‍പ്പര്യമുണ്ട്. സ്വന്തം മനുഷ്യത്വ മൂല്യങ്ങളും ആശയങ്ങളും കൊണ്ട് രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനായി പരിശ്രമിച്ച ഗാന്ധിജിയും നെല്‍സണ്‍ മണ്ടേലയും ഇരു ഭൂപ്രദേശങ്ങളേയും യോജിപ്പിക്കുന്ന ഘടകങ്ങളാണ്.
















