ന്യൂദല്‍ഹി: രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ ദര്‍ശനങ്ങളുടെ പ്രസക്തി ലോകത്ത് വര്‍ദ്ധിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഐക്യരാഷ്‌ട്രസഭയുടെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നല്‍കിയ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യുഎന്‍ ദിനാചരണത്തിന് എല്ലാ ആശംസകളും നേരുന്നു.
ലോകത്തെ സമാധാനകേന്ദ്രമാക്കിത്തീര്‍ക്കാനുള്ള യുഎന്നിന്റെ ലക്ഷ്യവും മനുഷ്യസമൂഹത്തിന് ചെയ്യുന്ന സേവനങ്ങളും പ്രശംസനീയമാണ്. ഗാന്ധിജി മുന്നോട്ടുവെച്ച ആശയങ്ങളും മാര്‍ഗ്ഗവും യുഎന്നിന്റെ ലക്ഷ്യം നിറവേറ്റാന്‍ ആവശ്യമാണ്.
യുഎന്നിന്റെ വിവിധ സംരംഭങ്ങളുമായി ഭാരതം എക്കാലത്തും യോജിച്ച് പ്രവര്‍ത്തിക്കുകയാണ്. എല്ലാ പിന്തുണയും യുഎന്നിന് നല്‍കും. യുഎന്‍ ദിനത്തിന്റെ ഭാഗമായി ലോകത്തിലെ വിവിധ നഗരങ്ങളിലെ പ്രധാന വലിയ കെട്ടിടങ്ങള്‍ നീല നിറത്തില്‍ അലങ്കരിക്കുന്നുണ്ട്. ഭാരതത്തില്‍ സബര്‍മതി ആശ്രമമാണ് അലങ്കരിക്കുന്നത്, മോദി പറഞ്ഞു.
















