കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നലെ പൂര്‍ത്തിയായി. ജില്ലാ പഞ്ചായത്തിലേക്ക് 150 സ്ഥാനാര്‍ഥികളുടെ പത്രികകള്‍ സാധുവാണെന്ന് അംഗീകരിച്ചതായി ജില്ലാ വരണാധികാരി കളക്ടര്‍ എം. ജി. രാജമാണിക്യം അറിയിച്ചു. മൊത്തം 152 സ്ഥാനാര്‍ഥികളാണു പത്രികകള്‍ നല്‍കിയിരുന്നത്. രണ്ടുപേരുടെ പത്രികകള്‍ തള്ളി. ജില്ലാ പഞ്ചായത്ത്, പറവൂര്‍ താലൂക്ക്, കൊച്ചി കോര്പറേഷന്, വടവുകോട് ബ്ലോക്ക്, അങ്കമാലി ബ്ലോക്ക്, വൈപ്പിന്‍ ബ്ലോക്ക്, പള്ളുരുത്തി ബ്ലോക്ക്, വടവുകോട് ബ്ലോക്ക്, പാറക്കടവ് ബ്ലോക്ക്, വാഴക്കുളം ബ്ലോക്ക്, ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത്, അശമന്നൂര്‍ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളായ കളമശേരി, നോര്‍ത്ത് പറവൂര്‍, അങ്കമാലി, ഏലൂര്‍, തൃക്കാക്കര, കൂത്താട്ടുകുളം എന്നിവിടങ്ങളിലെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയാണു ഇന്നലെ കളക്ടറേറ്റില്‍ വിവിധ റിട്ടേണിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായത്. ജില്ലാ പഞ്ചായത്തിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ആറുപേര്‍ ഇന്നലെത്തന്നെ പത്രിക പിന്‍വലിച്ചതായി ജില്ലാ വരണാധികാരി അറിയിച്ചു. 17ന് മൂന്നു മണിവരെ പത്രിക പിന്‍വലിക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. ഒട്ടേറെപ്പേര്‍ ഡമ്മിയായി പത്രികകള്‍ നല്‍കിയിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും ഇന്നും നാളെയുമായി പത്രികകള്‍ പിന്‍വലിക്കുന്നതോടെ മത്സര രംഗത്തുള്ള സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമാകും. ജില്ലാ പഞ്ചായത്ത് പുല്ലുവഴി, വെങ്ങോല ഡിവിഷനുകളിലെ രണ്ടു സ്ഥാനാര്‍ഥികളുടെ പത്രികകള്‍ യോഗ്യമല്ലെന്നു കണ്ടു തള്ളി. ഭൂതത്താന്‍കെട്ട് ഡിവിഷനില്‍ ഒരു സ്ഥാനാര്‍ഥിക്കെതിരേ എതിര്‍വിഭാഗം എതിര്‍പ്പ് ഉന്നയിച്ചതിനെത്തുടര്‍ന്ന് അതിന്മേലുള്ള വാദം പിന്നീട് മൂന്നുമണിയോടെ പൂര്‍ത്തിയാക്കി യോഗ്യമാണെന്നു തീര്‍പ്പു കല്പിക്കുകയായിരുന്നു. ചെറായി 5, മൂത്തകുന്നം 5, കറുകുറ്റി 7, മലയാറ്റൂര്‍ 6, കാലടി 4, കോടനാട് 3, പുല്ലുവഴി 4, ഭൂതത്താന്‍ കെട്ട് 8, നേര്യമംഗലം 5, വാരപ്പെട്ടി 6, ആവോലി 5, വാളകം 7, പാമ്പാക്കുട 7, ഉദയംപേരൂര്‍ 6, മുളന്തുരുത്തി 5, കുമ്പളങ്ങി 6, പുത്തന്‍കുരിശ് 4, കോലഞ്ചേരി 4, വെങ്ങോല 6, എടത്തല 10, കീഴ്മാട് 7, നെടുമ്പാശേരി 5, ആലങ്ങാട് 6, കടുങ്ങല്ലൂര്‍ 5, കോട്ടുവള്ളി 5, വല്ലാര്‍പാടം 4, വൈപ്പിന്‍ 5 എന്നിങ്ങനെയാണു ജില്ലാ പഞ്ചായത്തിലെ 27 ഡിവിഷനുകളിലേക്ക് അംഗീകാരം ലഭിച്ച പത്രികകള്‍. പിന്തുണയ്ക്കുന്ന വ്യക്തി സ്ഥാനാര്‍ഥിയുടെ മണ്ഡലത്തില്പ്പെടുന്നില്ല എന്നതുള്‍പ്പെടെയുള്ള കാരണങ്ങളാലാണു രണ്ടു പത്രികകള്‍ തള്ളിയതെന്ന് എഡിഎം പി. പദ്മകുമാര്‍ പറഞ്ഞു. രാവിലെ 11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സൂക്ഷ്മപരിശോധന ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: