കണ്ണൂര്‍: ഗുജറാത്ത് എംപോറിയം സംഘടിപ്പിക്കുന്ന ഗുജറാത്ത് ഹാന്‍ഡിക്രാഫ്റ്റ് എക്‌സിബിഷന്‍ കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ ഇന്നലെ ആരംഭിച്ചതായി എംപോറിയം മാനേജര്‍ കെ.അരുണാചലം പത്രസമ്മേളനത്തില്‍ അറിയിച്ചു. 25 വരെ നടക്കുന്ന എക്‌സിബിഷന്റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രോഷ്‌നി ഖാലിദ് നിര്‍വ്വഹിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഡവലപ്‌മെന്റ് പദ്ധതിപ്രകാരം കൈത്തറി കരകൗശല കലാകാരന്‍മാരെ സഹായിക്കുക, ഉത്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താക്കളില്‍ എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി നടത്തുന്നത്. കൈത്തറി ഉത്പന്നങ്ങള്‍ക്ക് 20 ശതമാനവും, കരകൗശല ഉത്പന്നങ്ങള്‍ക്ക് 10 ശതമാനവും സര്‍ക്കാര്‍ റിബേറ്റും ലഭിക്കും. രാവിലെ 10 മണി മുതല്‍ രാത്രി 8 വരെയായിരിക്കും പ്രദര്‍ശനം. 9 സംസ്ഥാനങ്ങളിലെ കരകൗശല ഉത്പന്നങ്ങളും കൈത്തറി ഉത്പന്നങ്ങളും പ്രദര്‍ശനത്തില്‍ ഉണ്ടായിരിക്കും.
















