ലക്‌നൗ: ക്രമസമാധാനനില പരിപാലിക്കേണ്ടതിന്റെ പ്രധാന ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി. ഇക്കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടല്‍ ഭരണഘടന അനുവദിക്കുന്നില്ലെന്നും രാജ്‌നാഥ് പറഞ്ഞു. ദാദ്രി സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി. കേന്ദ്രത്തിന് പരിമിതികളുണ്ട്.
സംസ്ഥാന സര്‍ക്കാരുകള്‍ ക്രമസമധാന പാലനത്തിന് സഹായം ആവശ്യപ്പെട്ടാല്‍ മാത്രമാണ് കേന്ദ്രം അത് നല്‍കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എല്ലാസഹായവും സൈന്യത്തെയും നല്‍കുവാന്‍ കേന്ദ്രം തയ്യാറാണ്.
സര്‍ക്കാര്‍ നിലംപതിച്ചാലും ദാദ്രി വിഷയത്തില്‍ ശക്തമായ നടപടിയെടുക്കുമെന്ന് സമാജ്‌വാദി നേതാവ് മുലായം സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഷ്‌ട്രീയത്തില്‍ മതമോ ജാതിയോ കൂട്ടിക്കലര്‍ത്താന്‍ ബിജെപിക്ക് താല്‍പര്യമില്ലെന്നും രാജ്‌നാഥ് പറഞ്ഞു.
















