ന്യൂദല്‍ഹി: റെയില്‍വേ യാത്രക്കാര്‍ക്ക് പ്രയോജനകരമായ പുതിയ പദ്ധതികളുമായി കേന്ദ്ര റെയില്‍മന്ത്രാലയം. റിസര്‍വേഷനില്ലാത്ത യാത്രക്കാര്‍ക്ക് ട്രെയിനില്‍ നിന്നും റിസര്‍വേഷന്‍ ടിക്കറ്റ് ലഭിക്കുന്ന സംവിധാനവും റിസര്‍വേഷനില്ലാത്ത ടിക്കറ്റുകള്‍ക്കായി പുതിയ മൊബൈല്‍ ആപ്ലിക്കേഷനും റെയില്‍വേ സജ്ജമാക്കി. യാത്രാക്കാരുടെ സീസണ്‍ ടിക്കറ്റുകളും ഇനി മുതല്‍ മൊബൈല്‍ വഴി പുതുക്കാനാകും. ‘യുറ്റിഎസ്’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ ഉദ്ഘാടനം കേന്ദ്രറെയില്‍മന്ത്രി സുരേഷ് പ്രഭു ഇന്ന് മുംബൈയില്‍ നിര്‍വഹിക്കും.
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ട്രെയിനുകളിലെ ടിക്കറ്റ് പരിശോധകര്‍ക്ക് കയ്യില്‍ കൊണ്ടുനടക്കാവുന്ന തരം യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് റിസര്‍വേഷനില്ലാത്ത യാത്രക്കാര്‍ക്ക് ട്രെയിനിനുള്ളില്‍ വെച്ച് ടിക്കറ്റ് നല്‍കുക. ട്രെയിനുകളില്‍ സീറ്റുകള്‍ ഉണ്ടെങ്കില്‍ നിശ്ചിത തുക അധികം നല്‍കി ടിക്കറ്റുകള്‍ സ്വന്തമാക്കാം. പ്രീമിയം തത്കാല്‍ നിരക്കാകും ഇത്തരത്തില്‍ ഈടാക്കുക. ദീര്‍ഘദൂര ട്രെയിനുകളില്‍ പുതിയ സംവിധാനം ഉടന്‍ നടപ്പാക്കുമെന്ന് റെയില്‍വേ അറിയിച്ചു.
ടിക്കറ്റ് പരിശോധകര്‍ വന്‍തുകയ്‌ക്ക് ടിക്കറ്റുകള്‍ അനുവദിച്ച് അഴിമതി നടത്തുന്ന സമ്പ്രദായം ഇല്ലാതാക്കാനും പുതിയ നടപടി വഴി സാധിക്കും. ട്രെയിനുകളില്‍ വൈ ഫൈ സംവിധാനം നടപ്പാക്കുന്നതിനാല്‍ പുതിയ രീതി വിജയകരമാകുമെന്നാണ് റെയില്‍വേ അധികൃതരുടെ പ്രതീക്ഷ.
















