കോഴിക്കോട്: പൂര്‍ണ്ണമായോ ഭാഗികമായോ പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കാത്ത അഞ്ച് വയസ്സുവരെയുളള കുട്ടികള്‍ക്കും ടെറ്റനസ് ഇഞ്ചക്ഷന് എടുക്കാത്ത അമ്മമാര്‍ക്കും സമ്പൂര്‍ണ്ണ രോഗപ്രതിരോധശക്തി ലഭിക്കാനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന മിഷന് ഇന്ദ്രധനുഷ് ജില്ലയില്‍ തുടങ്ങി. ഈ മാസം മുതല്‍ 2016 ജനുവരി വരെ എല്ലാ മാസവും ഏഴ് മുതല്‍ ഏഴ് പ്രവൃത്തിദിനങ്ങളില്‍ കുത്തിവയ്പ്പ് നടത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആശുപത്രികള്‍, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, അംഗന്‍വാടികള്‍, പ്രത്യേക വാക്സിനേഷന് ബൂത്തുകള്‍ എന്നിവിടങ്ങളില്‍നിന്ന് മിഷന് ഇന്ദ്രധനുഷ് സേവനം ലഭിക്കും.
എല്ലാ കുഞ്ഞുങ്ങള്‍ക്കും യഥാസമയം വാക്സിനേഷന് നല്കിയാല് ശൈശവകാല ക്ഷയരോഗം, ന്യുമോണിയ, ഹെപ്പറ്റൈറ്റിസ് ബി, പോളിയോ, ഡിഫ്ത്തീരിയ(തൊണ്ടമുളള്), വില്ലന്‍ചുമ, ടെറ്റനസ്, അഞ്ചാംപനി എന്നീ രോഗങ്ങളില്‍ നിന്നും കുട്ടികളെ രക്ഷിക്കാനാകും.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നല്ലളം -ചെറുവണ്ണൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.നാരായണ നായിക്ക് നിര്‍വ്വഹിച്ചു. ആര്.സി.എച്ച്. ഓഫീസര്‍ ഡോ. സരള നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനതല നിരീക്ഷകന് ഡോ.വിപിന്‍ ഗോപാല്‍, ഡോ. രഞ്ജിത്ത് നാരായണന്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ സി.ആര്. സുജ, ടെക്നിക്കല്‍ അസിസ്റ്റന്റ് കെ.ടി. മോഹനന്, എം.സി. എച്ച് ഓഫീസര്‍ സി.കെ. ഏലിയാമ്മ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ എം.പി. മണി, കെ.കെ. ഇബ്രാഹിം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മൊയ്തീന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: