നാഗ്പൂര്‍: സംസ്ഥാനത്തെ വനവാസി വിദ്യാര്‍ത്ഥികളില്‍ കാല്‍ലക്ഷം പേരെവീതം എല്ലാവര്‍ഷവും ഉന്നതവിദ്യാഭ്യാസം നല്‍കുന്നതിന് തിരഞ്ഞെടുക്കുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിച്ചു. മാത്രമല്ല വനവാസി വിദ്യാര്‍ത്ഥികളില്‍ പോഷകാഹാരക്കുറവു പരിഹരിക്കാന്‍ അക്ഷയപാത്ര യോജന പദ്ധതി ആരംഭിക്കുവാനും തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വനവാസി കല്യാണാശ്രമം ദേശീയ സമ്മേളന സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനവാസികളില്‍ ദാരിദ്ര്യമുണ്ടെങ്കിലും ധര്‍മ്മം കൈവിടാത്ത സമൂഹമാണെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സേവാപ്രമുഖ് സുഹാസ് റാവു മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. കേന്ദ്രമന്ത്രിമാരായ ഹന്‍സ് രാജ്, സുദര്‍ശന്‍ ഭഗത്, വ്യവസായപ്രമുഖന്‍ അശോക് ജി. ഗോയല്‍ പ്രസംഗിച്ചു. കൃഷ്ണപ്രസാദ് സിങ്, നീലിമ തായിപാട്ടീല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ദേശീയ പ്രസിഡന്റ് ജഗ്ജീവന്‍സിങ് ഓറം അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി വിഷ്ണുകാന്ത് സ്വാഗതം പറഞ്ഞു. രാജ്യത്ത് വനാവകാശനിയമം നടപ്പിലാക്കുക, ഗ്രാമപഞ്ചായത്തുകളില്‍ വനവാസികള്‍ക്കുള്ള ആനൂകല്യങ്ങള്‍ എടുത്തുമാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
















