ന്യൂദല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിനെ സംബന്ധിച്ച രഹസ്യഫയലുകള്‍ പുറത്തുവിടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കി. സുഭാഷ് ചന്ദ്രബോസിന്റെ ബന്ധുക്കളാണ് ഇക്കാര്യം പറഞ്ഞത്.
സുഭാഷ് ചന്ദ്രബോസ് 1945ല്‍ പെട്ടെന്ന് അപ്രത്യക്ഷമായത് സംബന്ധിച്ച മുഴുവന്‍ രേഖകളും പുറത്തുവിടണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാരിനെ ബോസിന്റെ ബന്ധുക്കള്‍ സമീപിച്ചിരുന്നു. തന്റെ സഹോദരി മാധുരി ബോസ് യുകെ സര്‍ക്കാരിനെ സമീപിച്ചിരുന്നതായും നിരവധി വിശദീകരണങ്ങള്‍ ലഭിച്ചിരുന്നതായും നേതാജിയുടെ മരുമകന്‍ സൂര്യകുമാര്‍ ബോസ് പറഞ്ഞു.
ബെര്‍ലിന്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സൂര്യകുമാര്‍ സന്ദര്‍ശിക്കുകയും അമേരിക്ക, റഷ്യ, ജപ്പാന്‍ സര്‍ക്കാരുകളുടെ കൈവശമുള്ള നേതാജിയെ സംബന്ധിച്ച രേഖകള്‍ വെളിച്ചത്ത് കൊണ്ടുവരണമെന്നു ആവശ്യപ്പെടുകയും ചെയ്തിരുന്നു. യുദ്ധാനന്തരം നേതാജി സുഭാഷ് ചന്ദ്രബോസ് നെഹ്രുവിനും പട്ടേലിനും വലിയ ഭീഷണിയായിരുന്നു. അതുകൊണ്ടുതന്നെ നേതാജിയുടെ തിരോധാനം സംബന്ധിച്ച പുറത്തുവരാത്ത രേഖകള്‍ക്ക് വളരെ പ്രധാന്യമുണ്ടെന്നും സൂര്യകുമാര്‍ പറഞ്ഞു.
നേതാജിയെ സംബന്ധിച്ച 60 ഫയലുകള്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ഈയിടെ പുറത്തുവിട്ടിരുന്നു. എന്തുകൊണ്ടാണ് ഉദ്യോഗസ്ഥവൃന്ദം ഈ ഫയലുകള്‍ കേന്ദ്രത്തില്‍ പുറത്തുവിടാത്തതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞമാസം 13000 പേജുകളുള്ള 64 ഫയലുകളാണ് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പുറത്തുവിട്ടത്.
നേതാജി 1945ലെ വിമാനപകടത്തില്‍ മരിച്ചുവെന്നത് സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. മമതാ ബാനര്‍ജി ഇക്കാര്യത്തില്‍ വളരെ നല്ല കാല്‍വെപ്പാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിലെ ഫയലുകളും പുറത്തുവിടുന്നതിനായുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ തുടരും. ഭാരതജനതയുടെ അഭിലാഷമാണ് കേന്ദ്രസര്‍ക്കാരിനുമുമ്പില്‍ വച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
















