പാലാ: അശാസ്ത്രീയമായി നടക്കുന്ന പാത വികസന പ്രവര്‍ത്തനങ്ങള്‍ വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നു. അങ്കമാലി-പുനലൂര്‍ പാതയുടെ ഭാഗമായി തൊടുപുഴ മുതല്‍ പൊന്‍കുന്നം വരെ നടന്നുവരുന്ന പാത വികസനമാണ് കരാറുകാരുടെ അശ്രദ്ധയും നിര്‍മ്മാണത്തിലെ വൈകല്യവും മൂലം അപകടം ക്ഷണിച്ചു വരുത്തുന്നത്.
പാതയോടനുബന്ധിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഓടയിലേക്ക് കഴിഞ്ഞദിവസം പ്രവിത്താനത്തിനടുത്ത് അല്ലാപ്പാറ കുരിശുപള്ളിക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിന്റെ ഒരു വശത്തെ ചക്രങ്ങള്‍ താഴ്ന്ന് അപകടത്തില്‍പെട്ടു. തലനാരിഴയ്‌ക്കാണ് ദുരന്തം ഒഴിവായത്. ഇതിന് സമീപം തന്നെ ചൊവ്വാഴ്ച മറ്റൊരു ബസ്സും ഓടമൂടിയ മണ്ണില്‍ താഴ്ന്ന് യാത്ര തടസ്സപ്പെട്ടു. ഓട നിര്‍മ്മിക്കാന്‍ വലിയ ചാല് നിര്‍മ്മിച്ച് നിര്‍മ്മിത സ്ലാബികള്‍ ഇറക്കി മണ്ണിട്ട് മൂടുകയാണ് കരാറുകാര്‍ ചെയ്യുന്നത്.
റോഡില്‍ പണി നടക്കുമ്പോള്‍ ഒരു വശത്തുകൂടിമാത്രമാണ് വാഹന ഗതാഗതം അനുവദിച്ചിട്ടുള്ളത്. ഈ വഴി എതിരെ വരുന്ന വാഹനം കടന്നുപോകാന്‍ സൈഡുകൊടുക്കുമ്പോഴാണ് ബസ് അപകടത്തില്‍പ്പെട്ടത്. ഓട മൂടിയഭാഗത്ത് അപകട മുന്നറിയിപ്പുകളോ അപകടം ഒഴിവാക്കാന്‍ മറകളോ സ്ഥാപിച്ചിട്ടില്ല. ഇത്തരം പണികള്‍ നടക്കുമ്പോള്‍ സ്വീകരിക്കേണ്ട നിയമപരമായ മുന്‍കരുതലോ സൂചനകളോ ഒന്നുമില്ലാതെ തോന്നും പോലെ നടത്തുന്ന നിര്‍മ്മാണങ്ങളാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്.
അപകടത്തില്‍പെടുന്ന വാഹനം പുറത്തെ ടുക്കാന്‍ കരാറുകാരുടെ സഹായം തേടിയാല്‍ പലപ്പോഴും ലഭിക്കാറില്ലെന്ന് ആക്ഷേപമുണ്ട്. നടപടികള്‍ പാലിക്കാതെയുള്ള റോഡ് നിര്‍മ്മാണം അപകടമുണ്ടാക്കുമെന്ന സമീപവാസികളുടെ മുന്നറിയിപ്പും അവഗണിച്ചതായി ആക്ഷേപമുണ്ട്.
















