മുസാഫറാബാദ്: പാക്കധിനിവേശകശ്മീരിലെ പ്രതിഷേധങ്ങള്‍ മൃഗീയമായി അടിച്ചമര്‍ത്തുന്ന പാക് നടപടിക്കെതിരെ ലോകമെങ്ങും പ്രതിഷേധം കനത്തു. പാക്കിസ്ഥാനില്‍ നിന്ന് വിടുതല്‍ വേണമെന്നും ഭാരതത്തോട് ചേരണമെന്നുമാണ് പിഒകെയിലെ ഭൂരിപക്ഷം ജനങ്ങളുടേയും ആവശ്യവും ആഗ്രഹവും.
ഈ ആവശ്യം ഉന്നയിച്ച് നടക്കുന്ന പ്രതിഷേധങ്ങളാണ് പാക്കിസ്ഥാന്‍ പൈശാചികമായി അടിച്ചമര്‍ത്തുന്നത്. ജനങ്ങളെ നടുറോഡിലിട്ട് കിരാതമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളസിലും ചാനലുകളിലും പ്രചരിക്കുകയാണ്.
മുസാഫറാബാദ്, ജില്‍ജിത്ത്, കോട്‌ലി തുടങ്ങി പാക്കധിനിവേശകശ്മീരിലെ പലയിടങ്ങളിലും ഭാരതത്തോട് ചേരമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം കത്തിപ്പടരുന്നുണ്ട്. ആയിരങ്ങള്‍ പങ്കെടുക്കുന്ന പ്രക്ഷോഭങ്ങളാണ് ഇവയെല്ലാം.ഇവയെ അടിച്ചമര്‍ത്തുന്നതിന് ഗുരുതരമായ മനുഷ്യാവകാശലംഘനമാണ് പാക്കിസ്ഥാന്‍ നടത്തുന്നത്.
ഇവിടെ പത്രമാധ്യമങ്ങള്‍ക്കും ചാനലുകള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ട്.കിരാത മര്‍ദ്ദനമുറകളുടെ വീഡിയോ പല ചാനലുകളും പുറത്തുവിട്ടിട്ടുണ്ട്. ഇവയെല്ലാം കൃത്രിമമാണെന്നാണ് പാക്കിസ്ഥാന്റെ വാദം. തങ്ങള്‍ മാധ്യമങ്ങള്‍ക്ക് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. പാക്കധികൃതര്‍ പറയുന്നു.ജമ്മുകശ്മീര്‍ തങ്ങളുടേതാണെന്ന അവകാശവാദവുമായി പാക്കിസ്ഥാന്‍ നടക്കുമ്പോള്‍ സ്വന്തം കൈയിലുള്ള കശ്മീരില്‍ പോലും തങ്ങള്‍ക്കതിരാണ് ജനവികാരമെന്നത് പാക്കിസ്ഥാനെ ഞെട്ടിച്ചിട്ടുണ്ട്.
പ്രതിഷേധങ്ങള്‍ ഒന്നും പെട്ടെന്ന് ഉണ്ടായ ഒന്നല്ലെന്ന് ഐബിഎന്‍ സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാം വലിയ പ്രക്ഷോഭങ്ങളാണ്. അവ അടിച്ചമര്‍ത്താന്‍ സകല സന്നാഹങ്ങളോടെയുമാണ് പോലീസിനെയും പട്ടാളത്തെയും നിയോഗിച്ചിരിക്കുന്നത്. ഈ സന്നാഹങ്ങള്‍ തന്നെ പ്രക്ഷോഭങ്ങളുടെ ആഴവും പരപ്പുമാണ് കാണിക്കുന്നത്.തങ്ങള്‍ക്കെതിരെ ബലം പ്രയോഗിക്കാന്‍ പാക്കിസ്ഥാന് ഒരധികാരവുമില്ലെന്നും ഭാരതമാണ് നല്ല രാജ്യമെന്നുമാണ് പ്രക്ഷോഭകാരികള്‍ പറയുന്നത്.
മനസ് മാറ്റിയത് മോദി
46 ലക്ഷം ജനങ്ങളാണ് പിഒകെയിലുള്ളത്. 5134 ചതുരശ്ര കിലോമീറ്ററാണ് ദൈര്‍ഘ്യം. മുസാഫറാബാദാണ് തലസ്ഥാനം. 2005ലെ ഭൂകമ്പത്തില്‍ പതിനായിരത്തിലേറെപ്പേരാണ് ഇവിടെ മരിച്ചത്.
2014ല്‍ ഉണ്ടായ വെള്ളപ്പൊക്കം, 2015ലുണ്ടായ ഭൂമികുലുക്കം എന്നിവയില്‍ വന്‍നാശമാണ് ഉണ്ടായത്. ഈ സമയങ്ങളില്‍ ഭാരതത്തിലെ നരേന്ദ്ര മോദി സര്‍ക്കാരാണ് ഇവിടുത്തെ ജനങ്ങള്‍ക്ക് സകലവിധ സഹായങ്ങളും നല്‍കിയത്. ഇതാണ് അവരുടെ മനസിനെ സ്വാധീനിച്ചത്. സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മോദി ശൈലിയിലുള്ള ഭരണം അവര്‍ക്ക് ആകര്‍ഷകമായി. അവര്‍ ഭാരതത്തോട് ചേരണമെന്ന് ശക്തമായി വാദിക്കുന്നു. സീ ന്യൂസ് പറയുന്നു.
പാക്കധിനിവേശ കശ്മീരിലെ ജനങ്ങള്‍ ഭാരതത്തോട് ചേരാനാഗ്രഹിക്കുന്നു. പിഒകെയില്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ അന്‍ജുമാന്‍ മിന്‍ഹാജ് ഇ റസൂല്‍ ചെയര്‍മാന്‍ മൗലാനാ സെയ്ദ് അത്തര്‍ ഹുസൈന്‍ ദാല്‍വി അടുത്തിടെ പറഞ്ഞിരുന്നു. പാക്കിസ്ഥാനിലെ വളരുന്ന ഭീകരപ്രവര്‍ത്തനങ്ങളില്‍ പിഒകെയിലെ ജനങ്ങള്‍ അതൃപ്തരുമാണ്. അവര്‍ ഭാരതത്തോട് ചേര്‍ന്ന് സമാധാനപരമായ ജീവിതം കാംഷിക്കുന്നു. ദാല്‍വി പറയുന്നു.
കഴിഞ്ഞ വര്‍ഷം വെള്ളപ്പൊക്കം കഴിഞ്ഞ് ജനങ്ങളെ കാണാന്‍ എത്തിയ പ്രധാനമന്ത്രി നവാസ് ഷെരീഫിന് എതിരെ ജനങ്ങള്‍ ഗോബാക്ക് വിളിച്ചിരുന്നു.
















