പട്‌ന: ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ വിഷന്‍ ഡോക്യുമെന്റ് പുറത്തിറക്കി. പ്രകടനപത്രികയ്‌ക്ക് പകരമായാണ് വിഷന്‍ ഡോക്യുമെന്റ് പുറത്തിറക്കുന്നത്. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഡോക്യുമെന്റ് പ്രകാശനം ചെയ്തത്. സംസ്ഥാനത്തെ പിന്നാക്കാവസ്ഥയില്‍ നിന്നും മുന്‍നിരയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് ജെയ്റ്റ്‌ലി വ്യക്തമാക്കി.
ഗ്രാമീണവികസനവും പിന്നാക്കക്കാരുടെ ശാക്തീകരണവുമാണ് ബിജെപി ഊന്നല്‍ നല്‍കിയിരിക്കുന്ന വിഷയങ്ങള്‍. പരിസ്ഥിതി, തൊഴില്‍ എന്നിവയ്‌ക്കും മുന്‍ഗണന നല്‍കുന്നുണ്ട്. വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും എന്നതുള്‍പ്പെടെയുള്ള ജനപ്രിയവാഗ്ദാനങ്ങളും ബിജെപി മുന്നോട്ട് വെയ്‌ക്കുന്നു.
ജെഡിയുവിന്റെ ഭരണം അസ്ഥിരമാണ്. സംസ്ഥാന ചരിത്രത്തില്‍ ആദ്യ നാല് ദശാബ്ദത്തില്‍ ഭൂരിഭാഗം കാലയളവും കോണ്‍ഗ്രസാണ് ഭരിച്ചത്. 15 വര്‍ഷം ആര്‍ജെഡിയും പത്ത് വര്‍ഷമായി ജെഡിയുവുമാണ് ബീഹാര്‍ ഭരിക്കുന്നത്. ഇത്ര നീണ്ട കാലയളവിനുള്ളില്‍ ഒരു സംസ്ഥാനം വികസനത്തിന്റെ പാതയില്‍ എത്തേണ്ടതാണ്. എന്നാല്‍ ഇപ്പോഴും സംസ്ഥാനത്ത് റോഡോ വൈദ്യുതിയോ ഇല്ലെന്ന് വിഷന്‍ ഡോക്യുമെന്റില്‍ പറയുന്നു.
ബീഹാറിലെ ചെറുപ്പക്കാര്‍ തൊഴില്‍ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതിന് അറുതി വരുത്തുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
















