ലക്‌നൗ:ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് ജനക്കൂട്ടം മധ്യവയസ്‌കനെ തല്ലിക്കൊന്നതായി ആരോപണം. ഉത്തര്‍പ്രദേശിലെ ധാദ്രിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മൊഹമ്മദ് അഖ്‌ലാഖ് എന്നയാളാണ് മരിച്ചത്. ഇയാളുടെ 22 കാരനായ മകനും സംഭവത്തില്‍ ഗുരുതരമായ പരുക്കേറ്റു. വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ വീട് തല്ലിതകര്‍ക്കുകയും വീട്ടിലുളള സ്ത്രീകളെ ഉപദ്രവിക്കുകയും ചെയ്തു.
ബീഫ് ഭക്ഷിച്ചില്ലെന്നും ആട്ടിറച്ചിയാണ് തങ്ങളുടെ ഫ്രിഡ്ജില്‍ ഉണ്ടായിരുന്നതെന്ന് മൊഹമ്ദ് അഖ്‌ലാബിന്റെ മകള്‍ പൊലീസിനോട് പറഞ്ഞു. ഫ്രിഡ്ജില്‍ സൂക്ഷിച്ച മാംസം ഫോറന്‍സിക് പരിശോധയ്‌ക്കായി അയച്ചു. സംഭവത്തില്‍ ആറ് പേരേ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ അറസ്റ്റ് ഉണ്ടാകും. കുറ്റവാളികളെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് നേരേയും അതിക്രമം ഉണ്ടായി. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു. സംഭവത്തില്‍ ഒരു ഗ്രാമീണന് വെടിയേറ്റതായി നാട്ടുകാര്‍ ആരോപിച്ചു.
സംഭവത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് വഴി തെളിയിക്കുന്ന പ്രസ്താവനകളും നീക്കങ്ങളും ആരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നും പൊലീസ് അറിയിച്ചു.
















