പാലാ: സിസ്റ്റര്‍ അമലയുടെ കൊലപാതകം സംബന്ധിച്ചു പോലീസിന്റെ വെളിപ്പെടുത്തലുകള്‍ വിശ്വാസ യോഗ്യമല്ലെന്നു സിസ്റ്റര്‍ അമലകേസ് ആക്ഷന്‍ കൗണ്‍സില്‍ വിലയിരുത്തി. പ്രതിയെ പിടികൂടുംമുമ്പേ പ്രതി മാനസികരോഗിയാണെന്ന കണ്ടെത്തല്‍ ഏതടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കാന്‍ തയ്യാറാകണം. പോലീസ് വിശദമായി പരിശോധിക്കുകയും പോലീസ് നായ വരികയും ചെയ്തിട്ടും കണ്ടെടുക്കാതിരുന്ന മണ്‍വെട്ടി എങ്ങനെ പിന്നീട് കണ്ടെടുത്തുവെന്നതും പോലീസ് വിശദീകരിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. സിസ്റ്റര്‍ അമലയുടെ മൃതദേഹത്തിലെ വസ്ത്രം മാറ്റിയതും രക്തം തുടച്ചതും തെളിവു നശിക്കാനിടയാക്കിയില്ലെന്ന പോലീസിന്റെ വാദം വിചിത്രമാണ്.
പാലായിലും സമീപപ്രദേശങ്ങളിലും കന്യാസ്ത്രീമഠങ്ങള്‍ക്കുനേരെ നടന്ന അക്രമങ്ങളെക്കുറിച്ചും മോഷണങ്ങളെക്കുറിച്ചും പോലീസ് ശരിയായ രീതിയില്‍ അന്വേഷണം നടത്തിയിട്ടില്ലെന്നു ആക്ഷന്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തി. ചേറ്റുതോട് മഠത്തില്‍ നിന്നും 75000 രൂപ നഷ്ടപ്പെട്ട പരാതി പിണ്ണാക്കനാട് പോലീസില്‍ നല്‍കിയിട്ടും അന്വേഷണം കാര്യക്ഷമമായില്ല. ഇതേമഠത്തിലെ കന്യാസ്ത്രീയെ രക്തം വാര്‍ന്നു മരിച്ച നിലയില്‍ കണ്ടെത്തിയത് അന്വേഷിക്കണം.
ഭരണങ്ങാനം മഠത്തിലെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയിട്ടും അന്വേഷണം നടന്നിട്ടില്ല. ഈ മൊബൈലാണ് പ്രതി ഉപയോഗിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇടപ്പാടിയിലെ മഠത്തിന്റെ സമീപത്തുനിന്നും കന്യാസ്ത്രീ വേഷം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടതിനെക്കുറിച്ചും അന്വേഷണം നടത്തണം.
പോലീസ് അന്വേഷണത്തില്‍നിന്നും പലതും മറച്ചുവയ്‌ക്കാന്‍ ശ്രമിക്കുന്നതായി സംശയം പൊതുസമൂഹത്തിനുണ്ടെന്നും ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി.
കണ്‍വീനര്‍ എബി ജെ. ജോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വിനോദ് വേരനാനി, ബേബി ആനപ്പാറ, ബിനു പെരുമന, സാംജി പഴേപറമ്പില്‍, സജി എസ്. തെക്കേല്‍, സെന്‍ തേക്കുംകാട്ടില്‍, ജോഷി എടേട്ട്, വി.റ്റി. വിദ്യാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
















