ഇത്തിത്താനം: ഏറെനാളുകളായിട്ടുള്ള ഇത്തിത്താനം പീച്ചാംകേരി നിവാസികളുടെ കാത്തിരിപ്പിനു അറുതി വരുത്തി കല്ലുകടവിലെ നടപ്പാലം വീതി കൂട്ടി പുനര്‍നിര്‍മ്മിക്കുന്നു. കുറിച്ചി പഞ്ചായത്തിലെ പത്ത്, പതിനൊന്ന്, പന്ത്രണ്ട് വാര്‍ഡുകളെ തമ്മില്‍ വേര്‍തിരിക്കുന്ന ചാലച്ചിറ തോടിനു കുറുകെ കല്ലുകടവ് ഭാഗത്ത് ജനങ്ങളുടെ ഏക ആശ്രയമായിരുന്നു ഈ നടപ്പാലം. ചങ്ങനാശ്ശേരി ഭാഗത്തേക്കും കുറിച്ചി ഭാഗത്തേക്കും നിലവില്‍ നാലു കിലോ മീറ്റര്‍ ചുറ്റി ചാലച്ചിറ യില്‍ എത്തിയാണ് ഇവിടുത്തുകാര്‍ യാത്ര ചെയ്തിരുന്നത് . പുതിയ പാലം യാഥാര്‍ത്ഥ്യ മാകുന്നതോടെ പഞ്ചായത്തിലെ ഈ വാര്‍ഡുകളിലെ ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യമാകും . പതിറ്റാണ്ടുകളുടെ പഴക്കമുള്ള നിലവിലെ ഈ നടപ്പാലം ജീര്‍ണിച്ച അവസ്ഥയിലുമാണ്. പീച്ചാംകരി, കല്ലു കടവ് , മലകുന്നം, ഇളം കാവ്, കുതിരപ്പടി, പുറകടവ് ഭാഗത്തെ നിരവധി ആളുകളാണ് നിലവില്‍ ഇതിലൂടെ കടന്നു പോകുന്നത്. വാഹന ഗതാഗതം സാധ്യമാകുന്നതോടെ ഈ പ്രദേശത്തിന് മുഴുവന്‍ വികസനം ഉണ്ടാകുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ മുടക്കിയാണ് പാലം പുനര്‍ നിര്‍മ്മിക്കുന്നത്.
















