കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തിനു അനുവദിച്ച പുതിയ ടഗ്ഗിന്റെയും കണ്ടെയ്‌നര്‍ റീച്ച് സ്റ്റാക്കറിന്റെയും പ്രവര്‍ത്തനോദ്ഘാടനം ഇന്ന്. വൈകുന്നേരം 3.30നു പോര്‍ട്ട് ഓഫീസ് പരിസരത്തു നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ. ബാബു ഉദ്ഘാടനം നിര്‍വഹിക്കും. എളമരം കരിം എംഎല്‍എ അധ്യക്ഷതവഹിക്കും. അത്യാധുനിക സൗകര്യമുള്ള എംടി മലബാര്‍ എന്ന ടഗ്ഗ് കഴിഞ്ഞദിവസം ഉച്ചയോടെ തുറമുഖത്തെത്തിച്ചിട്ടുണ്ട്.
കപ്പലുകള്‍ വാര്‍ഫില്‍ അടുപ്പിക്കുന്നതിനും കപ്പലുകള്‍ തിരിക്കുന്നതിനും മറ്റുമുള്ള സഹായത്തിനാണ് ടഗ്ഗ് ഉപയോഗിക്കുന്നത്. ഏഴര മീറ്റര്‍ വീതിയും 23 മീറ്റര്‍ നീളവുമുള്ളതാണ് പുതിയ ടഗ്ഗ്. ആറു കോടി രൂപ ചെലവില്‍ ഗോവയിലെ വിജയ് മറൈന്‍ കമ്പനിയിലായിരുന്നു നിര്‍മാണം. കപ്പലുകള്‍ വലിച്ച് അടുപ്പിക്കുന്നതിനും തള്ളുന്നതിനുമായി 750 ബിഎച്ച്പി ശേഷിയുള്ള ആര്‍എസ്പി–നാല് സീരിസില്‍ രാജ്യത്ത് ആദ്യമായി നിര്‍മിച്ച ടഗ്ഗാണിത്. അത്യാവശ്യഘട്ടങ്ങളില്‍ പുറംകടലില്‍ നങ്കൂരമിടുന്ന വലിയ കപ്പലുകളിലെ യാത്രക്കാരെയും നാവികരെയും കരയ്‌ക്കെത്തിക്കുന്നതിനും ടക്ഷ് ഉപകാരപ്പെടും.
















