കോട്ടയം: പാലായിലെ സിസ്റ്റര്‍ അമല കൊലക്കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷവും ദുരൂഹതകള്‍ തുടരുന്നു. കൊലക്കേസിലെ പ്രതിയെന്ന് കരുതുന്ന സതീഷ് ബാബുവിനെ കഴിഞ്ഞ ദിവസം ഹരിദ്വാറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കൃത്യനിര്‍വ്വഹണത്തിന് ശേഷം പാലായിലും പരിസരപ്രദേശത്തും ഉണ്ടായിരുന്നു. സംഭവമറിഞ്ഞ് തടിച്ചു കൂടിയ ജനങ്ങളോടൊപ്പവും പ്രതിയുണ്ടായിരുന്നു. പോലീസ് നായ മണംപിടിച്ച് പുറത്തേക്കിറങ്ങിയപ്പോള്‍ ഇയാള്‍ മതില്‍ ചാടി ഓടി രക്ഷപെടുകയായിരുന്നു. ഏറെ കോളിളക്കം സൃഷ്ടിക്കാന്‍ ഇടയുള്ള ഒരു കൊലപാതകം നടന്ന സ്ഥലത്ത് പോലീസിന്റേയും ഇന്റലിജന്‍സ് വിഭാഗത്തിന്റേയും ശ്രദ്ധയില്‍ പെടാതെ പ്രതി രക്ഷപ്പെട്ടു എന്നുപറയുന്നത് പോലീസിന്റെ വീഴ്‌ച്ചയായി വിലയിരുത്തപ്പെടുന്നു. ഫോറന്‍സിക്ക് വിദഗ്ധരുടേയും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തില്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ടാണ് സിസ്റ്റര്‍ അമല അക്രമിക്കപ്പെട്ടതെന്നായിരുന്നു പോലീസ് ഭാഷ്യം.
സംഭവത്തിന് ശേഷം നാലു ദിവസങ്ങള്‍ കഴിഞ്ഞ് കൊലപാതകം നടന്ന കൊണ്‍വെന്റിലെ കോണിപ്പടിയുടെ അടിയില്‍ നിന്നും ഒരു മണ്‍വെട്ടി കണ്ടെത്തുകയും ഇത് അക്രമത്തിന് ഉപയോഗിച്ചതാണെന്നും സംശയിച്ചിരുന്നു. അമലയുടെ മൃതദേഹം കണ്ടെടുത്ത മുറിയില്‍ നിന്നും പോലീസ് നായ സമീപത്തുള്ള കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് വരെ പോകുകയും തിരിച്ച് കോണ്‍വെന്റിലേക്ക് തന്നെ മടങ്ങി വരുകയും ചെയ്തിരുന്നു. ഈ സമയത്തൊന്നും ആയുധം പോലീസ് നായയുടേയോ സ്ഥലപരിശോധന നടത്തിയ അന്വേഷണ സംഘത്തിന്റേയോ ശ്രദ്ധയില്‍ പെടാതിരുന്നത് സംശയം ജനിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മൂര്‍ച്ച ഇല്ലാത്ത ആയുധം കൊണ്ടാണ് അക്രമിച്ചതെന്ന് പറയപ്പെടുന്നു. ഇതിനേക്കുറിച്ച് കൂടുതല്‍ വിശദീകരിക്കുവാന്‍ എഡിജിപി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ല. കൊല്ലപ്പെടുന്ന സമയത്ത് സിസ്റ്റര്‍ അമല ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പോലീസ് എത്തുന്നതിന് മുമ്പ് മാറ്റി മറ്റൊന്ന് ധരിപ്പിക്കുകയും മുറി കഴുകിയതായും ആരോപണം ഉണ്ട്. അമലയുടെ മൃതദേഹം ആദ്യം കണ്ടത് ഇതേ കോണ്‍വന്റിലേ തന്നെ മറ്റൊരു കന്യാസ്ത്രീയും ഡോക്ടറുമായ സിസ്റ്റര്‍ റൂബിയയാണ്. അസ്വഭാവികമായ മരണം സംഭവിച്ച ഒരാളുടെ മൃതദേഹം പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കാതെ വസ്ത്രം മാറ്റുന്നതും മുറി കഴുകുന്നതും തെളിവ് നശിപ്പിക്കുവാനല്ലേയെന്ന ചോദ്യത്തിന് പോലീസ് അധികൃതര്‍ക്ക് കൃത്യമായ മറുപടിയില്ല. സതീഷ് ബാബുവിന്റെ പതിമൂന്നോളം വിരലടയാളങ്ങള്‍ ഈ മുറിയില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. അമലയുടെ കൊലപാതകം നടക്കുന്നതിന് നാല് ദിവസം മുമ്പ് ഇവിടെ മറ്റൊരു കന്യാസ്ത്രീയും അക്രമിക്കപ്പെട്ടിരുന്നു. ഈ സംഭവം പോലീസില്‍ പരാതി നല്‍കാത്ത മഠാധികൃതരുടെ നടപടിയും ദുരൂഹമാണ്.
















