ഈരാറ്റുപേട്ട: ടൗണിന്റെ സമഗ്ര വികസനത്തിനും ഗതാഗതക്കുരുക്കിനും പരഹാരവുമാകുന്ന ഈരാറ്റുപേട്ട ബൈപ്പാസിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചു. എംഇഎസ് ജംങ്ഷനില്‍ നിന്നാരംഭിച്ച് തടവനാല്‍ വഴി ചേന്നാട് റോഡിലെത്തി വെയില്‍കാണാംപാറയില്‍ എത്തുന്നതാണ് ബൈപ്പാസ്. 12 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന ബൈപ്പാസിന് 1.8 കിലോമീറ്റര്‍ ദൈര്‍ഘ്യവുമുണ്ട്. എംഇഎസ് ജംക്ഷനിലെ പാലത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. രണ്ടാം ഘട്ടമായി തടവനാല്‍ മുതല്‍ മുഹയിദ്ദീന്‍ പള്ളി കോസ് വേ വരെയുള്ള റിവര്‍വ്യൂ റോഡും നവീകരിക്കും. ബൈപ്പാസ് നിര്‍മ്മാണത്തിന് 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ്, റവന്യൂ വകുപ്പുകളുടെ നേതൃത്വത്തിലാണ് സ്ഥലമേറ്റെടുപ്പ് നടപടികള്‍ നടത്തുന്നത്. ഈരാറ്റുപേട്ട, പൂഞ്ഞാര്‍, കൊണ്ടൂര്‍ വില്ലേജുകളില്‍പ്പെട്ട സ്ഥലമാണ് ഏറ്റെടുക്കുന്നത്. പൊതുമരാമത്തുവകുപ്പ് നിയോഗിച്ച വിദഗ്‌ദ്ധസമിതി ബൈപ്പാസിന്റെ രൂപരേഖയും തയ്യാറാക്കി.
ഡയറക്ട് പര്‍ച്ചേസിംങ് സ്‌കീമിലൂടെ സ്ഥലം ഏറ്റെടുക്കുന്നതിനാല്‍ ബൈപ്പാസ് കടന്നുപോകുന്ന സ്ഥലം ഉടമകള്‍ക്ക് മാര്‍ക്കറ്റ് വില ലഭ്യമാകുമെന്നും സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ലാന്റ് അക്യുസിഷന്‍ വിഭാഗത്തിനും പൊതുമരാമത്ത് വകുപ്പിനും നിര്‍ദ്ദേശം നല്‍കിയതായും പി.സി ജോര്‍ജ് എംഎല്‍എ പറഞ്ഞു.
















