പത്തനാപുരം: കിഴക്കന്‍മേഖലയില്‍ തെരുവ്‌നായകളുടെ ആക്രമണം വീണ്ടും രൂക്ഷമാകുന്നു. തലവൂര്‍ മയിലാടുംപാറയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയടക്കം നാല് പേരാണ് ഇന്നലെ തെരുവ് നായയുടെ ആക്രമണത്തിന് ഇരയായയത്.
മയിലാടുംപാറ ഗവ എല്‍പിഎസിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി പറങ്കിമാംമുകള്‍ നെറ്റിയോട്ട് വീട്ടില്‍ ബാഹുലേയന്റെ മകള്‍ വൈശാലി(8), നെറ്റിയോട്ട് തെക്കേക്കര വീട്ടില്‍ കറുമ്പി(85), പറങ്കിമാംമുകള്‍ ഭൂതപാറയില്‍ ടൈറ്റസ്(42), മയിലാടുംപാറ സ്വദേശി സനല്‍ (38) എന്നിവര്‍ക്കാണ് കടിയേറ്റത്. രാവിലെ സ്‌കൂളിലേക്ക് നടന്നുപോകുന്നതിനിടെയാണ് വൈശാലിയെ നായ ആക്രമിച്ചത്.
കുട്ടിയെ കടിക്കുന്നത് കണ്ട് ഓടിവന്നപ്പോഴാണ് മറ്റുള്ളവര്‍ക്കും കടിയേറ്റത്. കുട്ടിയുടെ ശരീരത്തിന്റെ പുറംഭാഗത്തും കയ്യിലുമാണ് കടിയേറ്റത്. ആക്രമണത്തിന് ഇരയായവര്‍ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.
കഴിഞ്ഞ രണ്ടാഴ്ച മുമ്പാണ് പുന്നല രമേഷ് ഭവനില്‍ രമയുടെ ആറ് ആടുകളെയും പത്ത് വളര്‍ത്തുകോഴികളെയും തെരുവ് നായ കടിച്ചു കൊന്നത്. തലവൂരില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരനെ തെരുവ് നായ ആക്രമിച്ചത് മൂന്നാഴ്ച മുമ്പാണ്.
















