ന്യൂയോര്‍ക്ക്: ബിന്‍ലാദനെന്നും ഭീകരനെന്നുമൊക്കെ ആരോപിച്ച് അമേരിക്കന്‍ പൗരനായ സിഖ് വംശജന് ക്രൂര മര്‍ദനം. ഷിക്കാഗോയില്‍ ചൊവ്വാഴ്ച നടന്ന ആക്രമണത്തില്‍ ഇന്തര്‍ സിംഗ് മുക്കറിനാണ് പരിക്കേറ്റത്.
സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ ഓര്‍മ്മ ദിവസത്തിന് രണ്ടു ദിവസം മുമ്പാണ് അമേരിക്കയുടെ വക വംശീയ ആക്രമണം. സാധനങ്ങള്‍ വാങ്ങാനായി കാറില്‍ പോകുന്നതിനിടെ വഴി ഒഴിഞ്ഞു കൊടുത്തെങ്കിലും പോകാന്‍ കൂട്ടാക്കാതെ പിന്തുടരുകയും തടഞ്ഞു നിര്‍ത്തുകയുമായിരുന്നു.
ബോധം പോകും വരെ അക്രമി ഇടിയ്‌ക്കുകയായിരുന്നെന്നും ശസ്ത്രക്രിയ നടത്തിയശേഷം മൂക്കിന് ആറ് സ്റ്റിച്ചിട്ടെന്നും അയാള്‍ പറഞ്ഞു. നാട്ടിലേയ്‌ക്ക് തിരിച്ചു പോകാന്‍ ആക്രോശിച്ചായിരുന്നു ബിന്‍ ലാദനെന്ന് വിളിച്ചുള്ള ആക്രമണമെന്ന് ചികിത്സയില്‍ കഴിയുന്ന മുക്കര്‍ പറഞ്ഞു.
ഏതൊരു അമേരിക്കക്കാരനും ഭയക്കാതെ ജീവിക്കാനാവുന്ന നാട്ടില്‍ മത വിശ്വാസത്തിന്റെ പേരിലാണ് മുക്കര്‍ ആക്രമിക്കപ്പെട്ടതെന്ന് അമേരിക്കയില്‍ പ്രവര്‍ത്തിയ്‌ക്കുന്ന സിഖ് കൊയിലേഷന്റെ ലീഗല്‍ ഡയറക്ടര്‍ ഹര്‍സിമ്രാന്‍ കൗര്‍ പറഞ്ഞു. സംഭവത്തില്‍ മുക്കറിന്റെ പരാതിയെ തുടര്‍ന്ന് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
















