തുറവൂര്‍: കാടു കയറിയ ദേശീയപാത മീഡിയന്‍ വൃത്തിയാക്കാന്‍ തൊഴിലുറപ്പു തൊഴിലാളികള്‍. കുറ്റിക്കാടുകള്‍ വളര്‍ന്ന് നില്ക്കുന്ന തുറവൂര്‍ കവലയ്‌ക്ക് വടക്കു ഭാഗത്തെ കാടുകളാണ് തൊഴിലുറപ്പു തൊഴിലാളികള്‍ വെട്ടിത്തെളിക്കുന്നത്. ദേശീയപാത സൗന്ദര്യവത്ക്കരണത്തിന് അഥോറിറ്റിക്ക് ഫണ്ട് ഉണ്ടെങ്കിലും കാടുകള്‍ വെട്ടിത്തെളിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനെത്തതിനെത്തുടര്‍ന്ന് തൊഴിലാളികള്‍ കുറ്റിക്കാടുകള്‍ നീക്കം ചെയ്യുകയായിരുന്നു.
പാതയുടെ മധ്യഭാഗം കാടുപിടിച്ച് അപകടങ്ങള്‍ പതിവായതോടെ ഇവ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായിരുന്നു.കുറ്റിക്കാടുകള്‍ക്കിടയില്‍ മാലിന്യങ്ങള്‍ തള്ളുന്നവരുടെ ശല്യവും ഏറെയാണ്. ദേശീയപാതയില്‍ ഒറ്റപ്പുന്ന മുതല്‍ അരൂര്‍ വരെയുള്ള ഭാഗത്ത് പല സ്ഥലത്തും കുറ്റിക്കാടുകള്‍ നിറഞ്ഞിരിക്കയാണ്.
മാലിന്യങ്ങള്‍ തള്ളുന്ന മീഡിയനുകളും പാതയോരവും തെരുവു നായ്‌ക്കളുടേയും ഇഴജന്തുക്കളുടേയും വിഹാരകേന്ദ്രമായിരിക്കയാണ്.
നിലവില്‍ കുത്തിയതോട് പഞ്ചായത്ത് പരിധിയിലുള്ള പാതയില്‍ മാത്രമാണ് തൊഴിലുറപ്പു തൊഴിലാളികള്‍ കാടുകള്‍ നീക്കം ചെയ്ത് തുടങ്ങിയത്.
















