ശ്രീനഗര്‍: കാശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നതിനിടെ അതിര്‍ത്തിയിലെ ഇന്ത്യന്‍ ഗ്രാമങ്ങളില്‍നിന്നു ജനങ്ങള്‍ പലായനം ചെയ്യുന്നു. ഇന്നലെ രാത്രിയും ബിഎസ്എഫ് പോസ്റ്റുകള്‍ക്കു നേരെ രണ്ടു തവണ ഷെല്ലാക്രമണമുണ്ടായി.
ഷെല്ലുകള്‍ പലതും അതിര്‍ത്തി ഗ്രാമങ്ങളിലാണ് പതിക്കുന്നത്. ജനവാസ മേഖലകളില്‍ ഷെല്ലുകള്‍ പതിക്കുന്നത് ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങള്‍ വീടുകള്‍ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്തുടങ്ങി.
ജമ്മു, സാമ്പാ, കാത്‌വാ ജില്ലകളില്‍നിന്നാണു ജനങ്ങള്‍ സുരക്ഷിത മേഖലയിലേക്ക് പലായനം ചെയ്യുന്നത്. ഈ മാസം മാത്രം ഒമ്പതു ഗ്രാമീണര്‍ പാക് വെടിവെയ്‌പ്പില്‍ കൊല്ലപ്പെട്ടിരുന്നു. 30ലധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.
സ്വാതന്ത്യദിനത്തിന് തൊട്ടുമുമ്പ് പാക് സൈന്യം കനത്ത വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയതിനെത്തുടര്‍ന്ന് അതിര്‍ത്തിയിലെ ഗ്രാമീണരെ സൈന്യം താത്കാലികമായി ഒഴിപ്പിച്ചിരുന്നു.
















