ന്യൂദല്‍ഹി: തല്‍സമയ ശസ്ത്രക്രിയയ്‌ക്കിടെ എയിംസ് ആശുപത്രിയില്‍ രോഗി മരിച്ചു. ജാപ്പനീസ് സര്‍ജന്‍ നേതൃത്വം നല്‍കിയ ലാപ്‌റോസ്‌കോപിക് ശസ്ത്രക്രിയയ്‌ക്കിടെയാണ് 62 കാരനായ ശോഭാ റാം മരണമടഞ്ഞത്.
ലിവര്‍ കാന്‍സറും സിറോസിസും ബാധിച്ച ശോഭാ റാമിന്റെ ശസ്ത്രക്രിയ വര്‍ക്ക് ഷോപ്പിലുള്ളവര്‍ക്കായി തല്‍സമയം കാണിച്ചിരുന്നു.
എയിംസും ആര്‍മി റിസര്‍ച്ച് ആശുപത്രിയും ചേര്‍ന്ന് സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ സര്‍ജന്‍മാരെ പഠിപ്പിക്കുന്നതിനു വേണ്ടിയാണ് ശസ്ത്രക്രിയ നടത്തിയത്.രാവിലെ ഒന്‍പതു മണിയോടെ ആരംഭിച്ച ശസ്ത്രക്രിയ ഒട്ടേറെ സര്‍ജന്‍മാര്‍ തല്‍സമയം കാണുന്നുണ്ടായിരുന്നു. ശസ്ത്രക്രിയയ്‌ക്കിടെ പ്രതീക്ഷിക്കാതെ രക്തസ്രാവം ഉണ്ടായി.
തുടര്‍ന്ന് രോഗിയെ തുറന്ന ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കണമെന്ന മറ്റു ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ അവഗണിച്ച് ജാപ്പനീസ് സര്‍ജന്‍ തല്‍സമയ ശസ്ത്രക്രിയ തുടര്‍ന്നു. ഏഴു മണിക്കൂറുകള്‍ക്കുശേഷമാണ് ശസ്ത്രക്രിയ നിര്‍ത്തിയത്. അപ്പോഴേക്കും രോഗിയുടെ നില വഷളാവുകയായിരുന്നു. ഉടന്‍ തന്നെ രോഗിയെ ഐസിയുവിലേക്ക് മാറ്റി. 90 മിനിറ്റുകള്‍ കഴിഞ്ഞപ്പോഴേക്കും രോഗി മരണമടഞ്ഞു.
സംഭവത്തെ തുടര്‍ന്ന് ദല്‍ഹിയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. യുഎസില്‍ 2006 ല്‍ തല്‍സമയ ശസ്ത്രക്രിയയ്‌ക്കിടെ രോഗി മരിച്ചതിനെത്തുടര്‍ന്ന് ഇത്തരത്തിലുള്ള ശസ്ത്രക്രിയകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിത്തിയിരുന്നു.
















