ന്യൂദല്‍ഹി: പാക്കിസ്ഥാനില്‍ കുടുങ്ങിയ യുവതിയെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കേന്ദ്രവിദേശകാര്യമന്ത്രാലയം തുടരുകയാണെന്ന് കേന്ദ്രമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. ഗീതയുടെ ബന്ധുക്കളെ കണ്ടെത്താന്‍ എല്ലാവരും സഹായിക്കണമെന്ന് സുഷമാ സ്വരാജ് ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു.
2003ല്‍ തന്റെ 11-ാം വയസ്സില്‍ അബദ്ധത്തില്‍ അതിര്‍ത്തികടന്ന് പാക്കിസ്ഥാനിലകപ്പെട്ട ഊമയും ബധിരയുമായ ഗീതയെന്ന പെണ്‍കുട്ടി കറാച്ചിയിലെ ഇഥി ഫൗണ്ടേഷന്റെ സംരക്ഷണയിലാണ് കഴിയുന്നത്. ഇപ്പോള്‍ 23 വയസ്സായ ഗീതയെ തിരികെ രാജ്യത്തെത്തിക്കുന്നതിനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്.
ഗീതയുടെ ബന്ധുക്കളാണെന്നവകാശപ്പെട്ട് പഞ്ചാബ്, ബീഹാര്‍, ഝാര്‍ഖണ്ഢ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള നാലു കുടുംബങ്ങളാണ് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരിക്കുന്നതെന്ന് സുഷമാ സ്വരാജ് അറിയിച്ചു. ഇതു സംബന്ധിച്ച യാഥാര്‍ത്ഥ്യം കണ്ടുപിടിക്കുന്നതിന് അതാതു സംസ്ഥാനത്തെ മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.
തനിക്ക് ഏഴ് സഹോദരങ്ങളുണ്ടെന്നും പിതാവിനോടൊപ്പം വൈഷ്‌ണോ ദേവി ക്ഷേത്രം സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഗീത പാക്കിസ്ഥാനിലെ ഭാരത ഹൈക്കമ്മീഷണറെ ആംഗ്യത്തിലൂടെ അറിയിച്ചിരുന്നു. വൈഷ്‌ണോ ദേവിയെന്ന് എഴുതുകയും ചെയതിട്ടുണ്ട്. ഇത്തരം വിവരങ്ങള്‍ അനുസരിച്ച് ഗീതയുടെ രക്ഷിതാക്കളെ കണ്ടെത്താന്‍ എല്ലാവരും ശ്രമിക്കണമെന്ന് സുഷമാ സ്വരാജ് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു.
സുഷമമാ സ്വരാജിന്റെ പ്രത്യേക നിര്‍ദ്ദേശം അനുസരിച്ച് ഭാരത ഹൈക്കമ്മീഷണര്‍ ടി.സി.എ രാഘവന്‍ കറാച്ചിയിലെ ഇധി ഫൗണ്ടേഷനിലെത്തി ഗീതയെ സന്ദര്‍ശിച്ച ശേഷം യുവതിയെ തിരിച്ച് നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലേക്കെത്തിയതാണ് ഈ പെണ്‍കുട്ടി. ഗീതയുടെ മാതാപിതാക്കളെ കണ്ടെത്തുന്നതിനായി പാക്കിസ്ഥാനിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായ അന്‍സാര്‍ ബര്‍ണേ 2012 ഒക്ടോബറില്‍ ഭാരതം സന്ദര്‍ശിച്ചിരുന്നു. ബര്‍ണേ സഞ്ചരിച്ച സ്ഥലങ്ങള്‍ ഫോട്ടോയെടുത്ത് ഗീതയെ കാണിച്ചെങ്കിലും പ്രയോജനമൊന്നുമുണ്ടായില്ല.
















