ബെംഗളൂരു: ജര്‍മ്മനിയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതി ഭാരതീയനായ സോഷ്യോ ബയോളജിസ്റ്റ് രാഘവേന്ദ്ര ഗദഗ്കറിന് സമ്മാനിച്ചു. ഭാരതീയനായ ഒരാള്‍ ഇത്തരത്തില്‍ ഒരു ഉന്നത ബഹുമതി നേടുന്നത് ആദ്യമായാണ്.
ബിഹേവിയറല്‍ ഇക്കോളജി, സോഷ്യോബയോളജി എന്നീ മേഖലകളില്‍ ഗദഗ്കര്‍ നല്‍കിയ സംഭാവനകള്‍ ഭാരതവും ജര്‍മ്മനിയും തമ്മിലുള്ള ഗവേഷണ സഹകരണം വളര്‍ത്തിയെടുക്കാന്‍ സാധിച്ചതിനെ തുടര്‍ന്നാണ് ജര്‍മ്മനിയില്‍ പൗരന് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌കാരത്തിന് അര്‍ഹനായത്. ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍
ജര്‍മ്മന്‍ കോണ്‍സുല്‍ ജനറല്‍ ജോയേണ്‍ റോഹ്‌ഡെ ഗദഗ്കറിന് ബഹുമതി കൈമാറി.
ബെംഗളൂരു സ്വദേശിയായ ഗദഗ്കര്‍ സെന്റര്‍ ഫോര്‍ എക്കോളജിക്കല്‍ സയന്‍സ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്‌സി) എന്നിവയില്‍ അധ്യാപകനാണ്. ഇന്‍സെക്ട് സോഷ്യോ ബയോളജിയില്‍ ഭാരതത്തിലെ പ്രമുഖ ഗവേഷകനും ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയുടെ പ്രസിഡന്റു കൂടിയാണ് ഗദഗ്കര്‍.
270ഓളം ഗവേഷണ പേപ്പറുകളും രണ്ടു ബുക്കുകളും ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗദഗ്കറിന്റെ ആദ്യ പുസ്തകമായ സര്‍വൈവല്‍ സ്ട്രാറ്റജീസ് ചൈനീസ,് കൊറിയന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്്.
ജര്‍മ്മനിയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ പുരസ്‌കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് പ്രൊഫസര്‍ ഗദഗ്കര്‍ പറഞ്ഞു. ജര്‍മ്മനിയിലെ ഏറ്റവും ഉന്നത സിവിലിയന്‍ ബഹുമതി ഭാരതീയനായ ഒരാള്‍ക്ക് കൈമാറാനായതില്‍ സന്തോഷമുണ്ടെന്നും ജോയേണ്‍ റോഹ്‌ഡെ പറഞ്ഞു.
















