മുംബൈ: മരിച്ച കുട്ടിയുടെ അച്ഛന്‍ ട്രാഫിക് നിയമം പാലിച്ചിരുന്നുവെങ്കില്‍ അപകടം ഒഴിവായേനേയെന്ന് ഹേമമാലിനി എംപി. അങ്ങനെയെങ്കില്‍ കുട്ടി രക്ഷപ്പെടുമായിരുന്നു. കുട്ടിയുടെ മരണത്തില്‍ അതീവദുഃഖമുണ്ടെന്നും ഹേമമാലിനി ട്വിറ്ററില്‍ കുറിച്ചു. അപകടമുണ്ടായപ്പോള്‍ ഹേമമാലിനിയെ ആശുപത്രിയിലേക്കു കൊണ്ടുപോയ അതേസമയത്ത് തങ്ങളെയും എത്തിച്ചെങ്കില്‍ മകള്‍ മരിക്കില്ലായിരുന്നുവെന്ന് കഴിഞ്ഞ ദിവസം അച്ഛന്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി രാജസ്ഥാനിലെ ദൗസയിലാണ് ഹേമമാലിനി സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് കുട്ടി മരിച്ചത്. അപകടത്തില്‍ ഹേമമാലിനിയുള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ താരത്തിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടു. തിരിച്ചു മുംബൈയിലെ വീട്ടിലെത്തിയ ഹേമമാലിനി കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്നു പറഞ്ഞിരുന്നു.
















