ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമിനു നേരെ എല്‍ടിടിഇ ഭീഷണിയുണ്ടെന്ന സത്യവാങ്മൂലത്തിലെ പരാമര്‍ശം തമിഴ്‌നാട് പിന്‍വലിച്ചു. തമിഴ് സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് തമിഴ്പുലികള്‍ ഡാമിനു ഭീഷണിയാണെന്ന പരാമര്‍ശം സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്. തിരുത്തിയ അധിക സത്യവാങ്മൂലം തമിഴ്‌നാട് ഇന്നലെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.
മുല്ലപ്പെരിയാര്‍ ഡാമിന് ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് കേന്ദ്രരഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് തമിഴ്‌നാട് സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഡാമിന് കേന്ദ്രസേനയുടെ സംരക്ഷണം ആവശ്യമാണെന്നും തമിഴ്‌നാട് വാദിച്ചു.
പാക് ഭീകര സംഘടനകളായ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തോയ്ബ, തമിഴ്പുലികള്‍ എന്നിവര്‍ ആക്രമണശ്രമം നടത്താന്‍ സാധ്യതയുണ്ടെന്നാണ് തമിഴ്‌നാട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ എല്‍ടിടിഇ എന്നതാണ് വ്യാപര പ്രതിഷേധത്തെ തുടര്‍ന്ന് സത്യവാങ്മൂലത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്.
















