ഷൈനി സുധീറിന്റെ ചിത്രപ്രദര്‍ശനം ജന്മഭൂമി എഡിറ്റര്‍ ലീലാ മേനോന്‍ വീക്ഷിക്കുന്നു
വാക്കുകളേക്കാള്‍ ശക്തി വര്‍ണ്ണങ്ങള്‍ക്കാണെന്ന് തെളിയിക്കുന്നതാണ് ഷൈനി സുധീറിന്റെ ചിത്രങ്ങള്‍. പഴയ കാലഘട്ടത്തിന്റെ ഓര്‍മ്മകളും സമകാലിക ചിന്തകളും കോര്‍ത്തണിക്കി കടുംവര്‍ണ്ണങ്ങളും നീലനിറവും ഉപയോഗിച്ച് വരച്ചിരിക്കുന്ന ചുവര്‍ചിത്രങ്ങളും ആക്രിലിക് ഓയില്‍ ചിത്രങ്ങളുമാണ് പ്രദര്‍ശനത്തിനൊരുക്കിയിരിക്കുന്നത്.
തന്റെ നിഴലുകള്‍ പുതിയ അനുഭവങ്ങളാണ് എന്ന സത്യം കാഴ്ചക്കാരിലേയ്‌ക്ക് ചിത്രങ്ങളിലൂടെ പകര്‍ന്നുനല്‍കാന്‍ ശ്രമിക്കുകയാണ് ചിത്രകാരി.തനിമയാര്‍ന്ന ഗ്രാമഭംഗിയും സമൂഹത്തില്‍ സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങളാണ് ഈ കലാകാരി ചിത്രരചനയ്‌ക്ക് പ്രമേയമാക്കിയിരിക്കുന്നത്.
നിറക്കൂട്ടുകളുടെ സഹായത്തോടെ കഥകളും കവിതകളും ക്യാന്‍വാസില്‍ പകര്‍ത്തിയിരിക്കുന്നത് രചനകളേക്കാള്‍ ഹൃദയസ്പര്‍ശിയാണ്. ഒരുവ്യാഴവട്ടക്കാലം കലാദ്ധ്യപികയായി ജോലിചെയ്യുന്ന ഷൈനി രണ്ട് ദശാബ്ദങ്ങള്‍ക്കുശേഷമാണ് ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നത്. 1994ല്‍ ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയിലും 1998ല്‍ ഫാക്ടിലെ ലളിതകലാ കേന്ദ്രത്തിലും ഇതിന് മുമ്പ് ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ ആര്‍എല്‍വിയില്‍നിന്ന് ചിത്രരചനയില്‍ പഠനം പൂര്‍ത്തിയാക്കിയശേഷമുള്ള ആദ്യപ്രദര്‍ശനംകൂടിയാണിത്. തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലെ കലാദ്ധ്യപികകൂടിയാണ് ഷൈനി സുധീര്‍.
ജന്മഭൂമി എഡിറ്റര്‍ ലീലാമേനോന്‍ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ടി. കലാധരന്‍, ടീച്ച് ആര്‍ട്ട് കൊച്ചി കോര്‍ഡിനേറ്റര്‍ ആര്‍. കെ. ചന്ദ്രബാബു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രദര്‍ശനം നാളെ സമാപിക്കും.
















